ന്യൂയോര്‍ക്ക് : മോഷണ ശ്രമത്തിനിടെ വെടിയേറ്റ ഭാരത വംശജയായ ഗുജറാത്തി സ്ത്രീ ഗുരുതരാവസ്ഥയില്‍. യുഎസ് സൗത്ത് കരോളിനയിലെ ഗ്യാസ് സ്‌റ്റേഷനില്‍ വെച്ചാണ് മൃദുലാബെന്‍ പട്ടേല്‍ എന്ന ഗുജറാത്തി സ്ത്രീയ്‌ക്കു നേരെ ആക്രമണമുണ്ടായത്. മുഖത്തു വെടിയേറ്റ ഇവരെ കടയിലെത്തിയ മറ്റൊരാളാണ് ആശുപത്രിയിലെത്തിച്ചതും അപകടത്തെ കുറിച്ച് പോലീസില്‍ വിവരം അറിയിച്ചതും.
വ്യാഴാഴ്ച രാത്രി കടയിലെത്തിയ മോഷ്ടാവ് സിഗരറ്റ് ആവശ്യപ്പെടുകയും അതിനുശേഷം ഒരു പ്രകോപനവും കൂടാതെ ഇവര്‍ക്കു നേരെ വെടി ഉതിര്‍ക്കുകയായിരുനെന്നു കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പോലീസ് ഗ്യാസ് സ്‌റ്റേഷനില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവസ്ഥലത്തു നിന്ന് ഒന്നും മോഷണം പോയതായി റിപ്പോര്‍ട്ടില്ല.
ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് മൃദുലാബെന്നിനെ ശനിയാഴ്ച ശസ്ത്രക്രിയയ്‌ക്കു വിധേയമാക്കിയതായി അവരുടെ സുഹൃത്ത് ദിലീപ് ഷാ അറിയിച്ചു. ഉപഭോക്താക്കളുമായി ബെന്നിന് യാതൊരു പ്രശ്‌നങ്ങളുമുണ്ടായിട്ടില്ലെന്നും ഷാ പറഞ്ഞു. അതേസമയം മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി പോലീസ് സഹായം അഭ്യര്‍ത്ഥിച്ചതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
















