കാഠ്മണ്ഡു: നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് ഭാരത സൈന്യത്തിന്റെ ഓപ്പറേഷന്‍ മൈത്രി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് വമ്പിച്ച ദൗത്യം. നേപ്പാളിന് എന്നുവരെ ആവശ്യമുണ്ടോ അന്നുവരെ സര്‍ക്കാര്‍ സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
സൈനിക വിമാനങ്ങള്‍ ഇതിനകം 77 വട്ടം ഭാരതത്തില്‍ നിന്ന് നേപ്പാളിലേക്കു പറന്നു. പരിക്കേറ്റ 94 പേരെ രക്ഷപ്പെടുത്തി. അവിടെ കുടുങ്ങിയ 363 പേരെ രക്ഷപ്പെടുത്തി. സൈനിക വിമാനങ്ങള്‍ക്കുപുറമെ ഹെലികോപ്റ്ററുകളും ഈ രംഗത്ത് സേവനങ്ങള്‍ നടത്തി. 84 സേനാംഗങ്ങള്‍ ഈ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ച് ഇതിനകം ഒമ്പതു ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ നേപ്പാളിലെത്തിച്ചു. വ്യോമസേനയുടെ വിമാനങ്ങള്‍ വഴി 488 ടണ്‍ സാമഗ്രികളും വിതരണത്തിനെത്തിച്ചു.
ദുരന്തഭൂമിയില്‍ സജ്ജമാക്കിയ സേനാമംഗള്‍, ലഗാന്‍ഖേല്‍ എന്നീ ചികിത്സാ സംവിധാനം വഴി 261 പേര്‍ക്ക് ചികിത്സ നല്‍കി. അതില്‍ ശസ്ത്രക്രിയ വരെയുണ്ട്. വ്യോമസേനയുടെ ചികിത്സാ സംവിധാനം 392 പേര്‍ക്ക് ആശ്വാസം നല്‍കി.
സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗം ബാര്‍പാക്, ബസന്ത്പൂര്‍, ജോര്‍ബാത് എന്നിവിടങ്ങളില്‍ റോഡില്‍ 150 മീറ്റര്‍ ദൂരത്തില്‍ കുമിഞ്ഞുകൂടിയ 130 ചതുരശ്ര മീറ്റര്‍ പാഴ്‌വസ്തുക്കളും അവശിഷ്ടങ്ങളും നീക്കം ചെയ്തു. തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കി. അവയ്‌ക്കിടയില്‍ നിന്നു കിട്ടിയ ഏഴു ജഡങ്ങള്‍ മാറ്റി. ബാര്‍പെകില്‍ താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കി.
ന്യൂദല്‍ഹിയില്‍ നിന്ന് 12 ടണ്‍ കുടിവെള്ളമാണ് സൈന്യം കാഠ്മണ്ഡുവിലെത്തിച്ചത്. 10 ജംബോ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ വിഭാഗത്തിനുവേണ്ടി എത്തിച്ചു. ഒടിവിനു ചികിത്സയ്‌ക്കാവശ്യമുള്ള വസ്തുക്കളുടെ അഞ്ചു ടണ്‍ അടങ്ങുന്ന ശേഖരവും സേന അവിടെ എത്തിച്ചു.
















