കോട്ടയം: സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങി കെ.എം. മാണി മന്ത്രിസ്ഥാനം രാജിവെക്കാതിരിക്കുന്നത് കേരളത്തിന് ആകെ അപമാനകരമാണെന്നും, സ്വയം ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ മാണിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ബാര്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് മാണിക്ക് കൈക്കൂലി കൊടുക്കുവാന്‍ പണവുമായി വാഹനത്തില്‍ മാണിയുടെ വസതിയില്‍ ബിജു രമേശ് പറഞ്ഞപ്രകാരം ആളുകള്‍ എത്തിയെന്ന് വിജിലന്‍സിന് നിര്‍ണായക തെളിവ് ലഭിച്ചുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്. യുഡിഎഫിനെയും കേരള കോണ്‍ഗ്രസിനെയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ തള്ളിയിട്ട് മാത്രമേ ഒഴിയൂവെന്ന പിടിവാശി കെ.എം. മാണി അവസാനിപ്പിക്കണം. ആത്മാഭിമാനമുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് എങ്ങനെ മാണിയുടെ കീഴില്‍ പൊതുജനമധ്യത്തില്‍ നില്ക്കാനാവുമെന്ന് മന്ത്രി പി.ജെ. ജോസഫ് അടക്കമുള്ളവര്‍ വ്യക്തമാക്കണം.
ജയിലില്‍ പോകുന്നതില്‍ നിന്നും കെ.എം. മാണിയെ രക്ഷപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗം അന്വേഷിക്കല് മാത്രമാണ് യുഡിഎഫ് സര്‍ക്കാരിന്റെ മുന്നിലുള്ള ഏക ലക്ഷ്യമെന്ന അപഖ്വാതി ഒഴിവാക്കാന്‍ മുഖ്യമന്ത്രി പദത്തോട് നീതി പുലര്‍ത്തി ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ യുഡിഎഫിലുള്ള ഘടകകക്ഷികള്‍ക്കും നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ വലിയ വില നല്‍കേണ്ടി വരും.
ഇക്കാര്യം അറിയാത്തതുപോലെ ഇനിയും പെരുമാറിയാല്‍ ഇക്കാലമത്രയും കൊണ്ട് സമ്പാദിച്ച പൊതുപ്രവര്‍ത്തന ചരിത്രമാകെ മാറിമറിയുമെന്ന് മുഖ്യമന്ത്രി തിരിച്ചറിയണം. മാണിയെ സംരക്ഷിച്ച് നിര്‍ത്തുന്നതിലൂടെ കോഴപ്പണത്തിന്റെ അംശം കൈകളില്‍ എത്തിയിട്ടുണ്ടോയെന്ന കേരളീയ സമൂഹത്തിന്റെ ചോദ്യത്തിന് മറുപടി പറയാന്‍ മുഖ്യമന്ത്രി ഇതോടെ ബാധ്യസ്ഥനാവും. ആ അപമാനം ഒഴിവാക്കാന്‍ യുഡിഎഫ് ഘടകകക്ഷികളുടെയും നേതാക്കന്മാരുടെയും സല്‍പ്പേര് നിലനിര്‍ത്താന്‍ കെ.എം. മാണിയുടെ മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജി ആവശ്യപ്പെടുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ മുന്നിലില്ലെന്നും പി.സി. ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: