ന്യൂദല്‍ഹി: സത്യസന്ധരായ ഐഎഎസ് ഉദ്യോഗസ്ഥരുടെ തൊഴില്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആള്‍ ഇന്ത്യാ സര്‍വീസ് (പെരുമാറ്റം) ചട്ടം 1969 ഭേദഗതി ചെയ്യുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ നിക്ഷിപ്ത താല്‍പര്യം മുന്‍ നിര്‍ത്തി ഐഎഎസുകാരെ സസ്പന്‍ഡു ചെയ്ത നടപടികള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണിത്.
നിലവിലുള്ള ചട്ടങ്ങളിലെ ചില പഴുതുകള്‍ വിനിയോഗിച്ച് തക്കതായ കാരണം കുടാതെയും ഉദ്യോഗസ്ഥര്‍ക്കു വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെയും നടപടിയെടുക്കുന്നുവെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ക്കും വിവിധ സ്ഥാപനങ്ങളിലെ തലപ്പത്തുള്ളവര്‍ക്കും രാഷ്‌ട്രീയ-വ്യക്തി താല്‍പര്യങ്ങള്‍ നിറവേറ്റാന്‍ കൂട്ടുനില്‍ക്കാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരെ ദ്രോഹിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ചട്ട ഭേദഗതിയിലൂടെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ വിശദീകരണം നല്‍കാനും തക്ക കാരണങ്ങളില്ലെങ്കില്‍ നടപടികള്‍ തുടരാതിരിക്കാനുമുള്ള മുന്‍കരുതലുകള്‍ക്കു വകുപ്പുകളുണ്ടാകും. പിഎംഒയുടെ ചുമതലയുള്ള മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് രാജ്യസഭയില്‍ ഈ വിവരം അറിയിച്ചത്.
















