മോഗ: സ്വകാര്യ ബസ് യാത്രയ്‌ക്കിടെ പതിനാലുകാരിക്കു നേരെ പീഡനശ്രമം. ഇതിനെ ചെറുത്ത അമ്മയേയും മകളേയും ബസ്സില്‍ നിന്നും തള്ളി താഴെയിട്ടു. വീഴ്ചയില്‍ തലയ്‌ക്ക് സാരമായി പരിക്കേറ്റ മകളെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. അമ്മ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍.
ബുധനാഴ്ച വൈകീട്ടോടെ പഞ്ചാബ് മോഗയില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരെയായുള്ള ഗില്ലി ഗ്രാമത്തില്‍ നിന്നും ബന്ധുവീട്ടിലേക്ക് 38കാരിയായ അമ്മ മകനും മകള്‍ക്കുമൊപ്പം യാത്രചെയ്യവേയാണ് സംഭവം. മകളോട് അപമര്യാദയായി ഒരു യുവാവ് പെരുമാറുന്നതുകണ്ട് കണ്ടക്ടറോട് സഹായം അഭ്യര്‍ത്ഥിക്കുകയും ബസ് നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ തയ്യാറായില്ല. ഇതിനെതിരെ പ്രതികരിച്ചതിനെതുടര്‍ന്ന് ഇരുവരേയും സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്നും തള്ളിയിടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്‌ക്കു പരിക്കേറ്റ മകളെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പത്തുവയസ്സുകാരനായ മകനെ പോലീസ് ബന്ധുക്കളെ ഏല്‍പ്പിച്ചു.
പഞ്ചാബിലെ ഭരണ തലപ്പത്തുള്ള ബാദല്‍ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ വൈകിപ്പിച്ചതായും പോലീസിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ പോലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു.
കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ സംഭവത്തെ അപലപിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്നും ബാദല്‍ സംസ്ഥാന പോലീസിനു നിര്‍ദ്ദേശം നല്‍കി. അതിനിടെ സംഭവത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്ന് ബസില്‍ നിന്നും എടുത്തുചാടിയതാണ് ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റതിനു കാരണമെന്ന് മോഗ പോലീസ് സൂപ്രണ്ടന്റ് (ഡിക്ടടീവ്) എച്ച്. എസ്. പന്നു അറിയിച്ചു. പരാതിയെ തുടര്‍ന്ന് ബസ് കസ്റ്റഡിയില്‍ എടുത്തു. ബസ് ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 302 കൊലപാതകം , 307 വധശ്രമം, 354 സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍, 34 ഗൂഡലക്ഷ്യം എന്നീ കുറ്റങ്ങള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പന്നു അറിയിച്ചു.
സമാന രീതിയില്‍ 2012 ദല്‍ഹിയില്‍ സ്വകാര്യ ബസ് യാത്രയ്‌ക്കിടെ നിര്‍ഭയ പെണ്‍കുട്ടിയെ അതി ക്രൂരമായി പീഡിപ്പിച്ചു വഴിയില്‍ ഉപേക്ഷിച്ചിരുന്നു. പിന്നീട് ചികിത്സയില്‍ കഴിഞ്ഞ നിര്‍ഭയ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
















