വിരോചനന്റെ ദേഹവിയോഗത്തിനുശേഷം മഹാബലി ദൈത്യന്മാരുടെ അധിപതിയായിത്തീര്‍ന്നു. മഹര്‍ഷി ദുര്‍വാസാവിന്റെ ശാപംനിമിത്തം ഇന്ദ്രന്റെ ഐശ്വര്യം നശിച്ചപ്പോള്‍ മഹാബലിചക്രവര്‍ത്തി ദൈത്യദാനവ സൈന്യങ്ങളുടെ സഹായത്തോടുകൂടി ദേവന്മാരെ തോല്‍പ്പിച്ച് സ്വര്‍ഗാധിപത്യംകൂടി നേടി ത്രൈലോക്യചക്രവര്‍ത്തിയായി വിജയിച്ചു.
അപ്പോള്‍ പരാജിതന്മാരായിത്തീര്‍ന്ന ദേവന്മാര്‍ ബ്രഹ്മാവിനോടുകൂടി വൈകുണ്ഠത്തില്‍ചെന്ന് മഹവിഷ്ണുവിനെ ദര്‍ശിച്ച് ഇന്ദ്രനു നേരിട്ട അധഃപതനവും ദേവന്മാര്‍ക്കുണ്ടായ പരാജയവും അദ്ദേഹത്തെ അറിയിച്ചു. അതുകേട്ടിട്ട് ഇന്ദ്രാദിദേവന്മാരുടെ ഉത്കര്‍ഷത്തിനുവേണ്ടി പാലാഴി കടഞ്ഞ് അമൃതമെടുത്ത് ഭക്ഷിക്കണമെന്ന് ശ്രീനാരായണന്‍ കല്‍പിക്കുകയും അതിനുള്ള ഉപായങ്ങള്‍ അവര്‍ക്കു നിര്‍ദ്ദേശിച്ചുകൊടുക്കുകയും ചെയ്തു.
ആ നിര്‍ദ്ദേശമനുസരിച്ച് ഇന്ദ്രന്‍ മഹാബലിയുമായി സന്ധിചെയ്ത് ദേവാസുരന്മാരോടുകൂടി പാലാഴി കടഞ്ഞ് അമൃത് എടുത്തു. എന്നാല്‍, അതു ഭക്ഷിക്കുവാനുള്ള ഭാഗ്യം ശ്രീ നാരായണഭക്തന്മാരായ ദേവന്മാര്‍ക്കാണു ലഭിച്ചത്. ആ ഘട്ടത്തില്‍ അമൃതു നേടുന്നതിനുവേണ്ടി ദേവന്മാരും അസുരന്മാരും തമ്മില്‍ ഭയങ്കരയുദ്ധം നടന്നു. ആ യുദ്ധത്തില്‍ അസുരന്മാര്‍ നിശ്ശേഷം പരാജയപ്പെട്ടു.
…. തുടരും
















