അബൂജ: നൈജീരിയയില്‍ ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയ 300ഓളം പേരെ സൈന്യം മോചിപ്പിച്ചു. 200 പെണ്‍കുട്ടികളും 93 സ്ത്രീകളുമാണ് മോചിപ്പിക്കപ്പെട്ടത്. ഭീകരക്യാമ്പുകള്‍ തകര്‍ത്ത സൈന്യം ആയുധശേഖരവും പിടിച്ചെടുത്തു. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ ചിബോക്കിലെ സ്‌കൂളില്‍ നിന്നു ഭീകരര്‍ കടത്തിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിനികള്‍ മോചിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നില്ല.
ബോക്കോ ഹറാമിന് ഏറെ സ്വാധീനമുള്ള മേഖലയിലെ സാംബിസ കാടില്‍ സൈന്യം ശക്തമായ ആക്രമണം നടത്തുകയായിരുന്നു. രഹസ്യാന്വേഷണ വിവരത്തെ അടിസ്ഥാനമാക്കി കാടിനുള്ളിലെ നാലു ക്യാമ്പുകള്‍ വളഞ്ഞ സൈന്യം കര- വ്യോമ ആക്രമണങ്ങളിലൂടെ ഭീകരരെ തുരത്തിയോടിച്ചു. ബോക്കോ ഹറാം ഭീകരര്‍ക്കെതിരെ അടുത്തിടെ സൈന്യം നടപടി ശക്തമാക്കിയിട്ടുണ്ട്. ഇതുവഴി നിരവധി പ്രദേശങ്ങളില്‍ ഭീകരരെ പിന്നോട്ടടിക്കാനും പലയിടങ്ങളും തിരിച്ചുപിടിക്കാനും നൈജീരിയന്‍ സൈന്യത്തിന് കഴിഞ്ഞു. ഭീകരവിമുക്തമേഖലകള്‍ സൃഷ്ടിക്കുന്നതിനുള്ള ദൗത്യത്തിനിടെയാണ് 300ഓളംപേരുടെ മോചനം സാധ്യമായത്.
ചിബൂക്കില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിനികളുടെ മോചനം ലക്ഷ്യമിട്ട് കഴിഞ്ഞ ഒക്‌ടോബറില്‍ സൈന്യം വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഭീകരര്‍ അതു തള്ളി. വിദ്യാര്‍ത്ഥിനികളെ ഭീകരര്‍ ബന്ദിയാക്കിയ നടപടി അന്താരാഷ്‌ട്രതലത്തില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് സൈന്യം സമവായത്തിന് ശ്രമിച്ചത്. അതിനിടെ, ചാഡ് തടാകത്തില ദ്വീപില്‍ സൈന്യവും ബോക്കോ ഹറാമും തമ്മിലെ ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ നൈജര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഇതുവരെ 150 ഭീകരരും 46 സൈനികരും 28 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. 2012 മുതല്‍ ആരംഭിച്ച ബോക്കോ ഹറാം വിരുദ്ധ നടപടിക്കിടെ നൈജീരിയയില്‍ മാത്രം പതിനായിരത്തിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. നൈജര്‍, ചാഡ്, കാമറൂണ്‍ എന്നിവിടങ്ങളിലേക്കും അടുത്തകാലത്തായി സംഘര്‍ഷം വ്യാപിക്കുകയുണ്ടായി.
















