ഐക്യരാഷ്‌ട്രസഭ: യുഎന്‍ സെക്രട്ടറി ജനറല്‍ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യവല്‍ക്കരിക്കണമെന്ന് ഭാരതം. നിലവിലെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍ ഭാരതത്തില്‍ നിന്നുള്ള യുഎന്‍ സ്ഥിരപ്രതിനിധി അശോക് കുമാര്‍ മുഖര്‍ജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎന്‍ സുരക്ഷാ കൗണ്‍സിലാണ് സെക്രട്ടറി ജനറല്‍ തസ്തികയിലേക്കുള്ളയാളുടെ പേര് നിര്‍ദ്ദേശിക്കുന്നത്. പിന്നീട് സുരക്ഷാ കൗണ്‍സിലും വീറ്റോ രാജ്യങ്ങളും തമ്മിലുള്ള യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നത്. ഈ പ്രക്രിയയില്‍ അംഗരാജ്യങ്ങള്‍ക്ക് പങ്കാളിത്തമുണ്ടായിരുന്നില്ല. ഒന്നിലധികം ആളുകളെ നിര്‍ദ്ദേശിച്ചശേഷം അംഗരാജ്യങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ച് ജനാധിപത്യ സംവിധാനത്തിലൂടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടുന്നയാളെ തെരഞ്ഞെടുക്കാം.
1946ലെ ജനറല്‍ അസംബ്ലി നിയമ പ്രകാരമാണ് ഇപ്പോഴും പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത്. ഇത് പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ജനാധിപത്യ സംവിധാനം നടപ്പാക്കുകയാണെങ്കില്‍ യുഎന്നിന്റെ വിശ്വാസ്യത വര്‍ധിക്കുമെന്നും മുഖര്‍ജി അറിയിച്ചു. ഭാരതത്തിന്റെ ഈ അഭിപ്രായത്തെ പിന്തുണച്ച് കാനഡയും രംഗത്തെത്തിയിട്ടുണ്ട്.
















