ന്യൂദല്‍ഹി: നേപ്പാളിലുണ്ടായ ഭൂചനത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുവാന്‍ കച്ച് മോഡല്‍ രണ്ട് രാജ്യങ്ങളിലും പ്രയോജനപ്പെടുത്താവുന്നതാണെന്ന് ഭാരതത്തിലെ കാര്‍ഷിക വിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥന്‍. സര്‍ക്കാരും സര്‍ക്കാരിതര സ്ഥാപനങ്ങളും പുനരധിവാസത്തിന് പദ്ധതികള്‍ തയ്യാറാക്കുന്ന സാഹചര്യത്തിലാണ് സ്വാമിനാഥന്റെ ഈ അഭിപ്രായം.
2001ലുണ്ടായ ഭൂചലനത്തില്‍ ഗുജറാത്തിലെ കച്ച് തകര്‍ന്ന് നാമാവശേഷമായിരുന്നു. കച്ചില്‍ വളരെ ചെലവ് കുറഞ്ഞ ഗ്രീന്‍ഹൗസുകളാണ് നിര്‍മ്മിച്ചത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് വളരെ പെട്ടെന്ന് ഒരു താമസസൗകര്യം ഒരുക്കുകയും പിന്നീടിത് ഉയര്‍ന്ന നിലവാരത്തിലുള്ള വിത്ത് ഉല്പാദന കേന്ദ്രമാക്കി മാറ്റുകയും ചെയ്യാവുന്നതാണ്. സര്‍ക്കാരിന്റ നേതൃത്വത്തില്‍ പൂര്‍ണ്ണതോതിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതോടൊപ്പം തന്നെ അവര്‍ക്ക് വരുമാനം ലഭിക്കുന്നതിനുള്ള അവസരങ്ങള്‍കൂടി ലഭിക്കുന്നു.
കച്ചിലെ ഭൂചലനത്തില്‍ 20,000 പേര്‍ മരിക്കുകയും നാല് ലക്ഷം വീടുകള്‍ തകരുകയും ചെയ്തിരുന്നു. വിവിധ ഏജന്‍സികളും സര്‍ക്കാരും വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ വര്‍ഷങ്ങള്‍ തന്നെയെടുത്തു. ഈ സാഹചര്യത്തില്‍ വാസയോഗ്യമായ വസതികള്‍ ഒരുക്കിക്കൊണ്ടുള്ള പുനരധിവാസമാണ് വേണ്ടത്. ഇതിനായി അന്താരാഷ്‌ട്രതലത്തിലെയും നമ്മുടെയും പരിചയസമ്പത്ത് പ്രയോജനപ്പെടുത്തണമെന്നും സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. ഗുജറാത്ത് ചെയ്തത് താല്‍ക്കാലിക താമസ സൗകര്യമൊരുക്കിയതോടൊപ്പം നീണ്ടകാലത്തേക്ക് കാര്‍ഷിക അടിസ്ഥാനത്തിലുള്ള വരുമാനം ലഭിക്കുന്നതിനുള്ള അവസരവും ഒരുക്കുകയായിരുന്നു.
നേപ്പാളിലും ഇത്തരത്തില്‍ കാര്‍ഷികമേഖലയില്‍ നിന്നും വരുമാനം ലഭിക്കുന്നത് സംബന്ധിച്ചുള്ള പുനരധിവാസ സംവിധാനമാണ് ഒരുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
















