ന്യൂദല്‍ഹി: കള്ളപ്പണം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്ലിനെതിരെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലെ എംപിമാര്‍ കേന്ദ്രധനമന്ത്രിക്ക് രഹസ്യമായി കത്തുകളയച്ചത് ദുരൂഹമായി. വിദേശബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം തടയുന്ന നിയമത്തിനെതിരായ എംപിമാരുടെ നിലപാട് കേന്ദ്രധനമന്ത്രാലയത്തെ അത്ഭുതപ്പെടുത്തി.
കള്ളപ്പണ നിക്ഷേപത്തിനെതിരായ നിയമത്തെ പരസ്യമായി എതിര്‍ത്താല്‍ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാലാണ് ധനമന്ത്രിക്ക് രഹസ്യകത്തുകള്‍ അയച്ചതെന്നാണ് സൂചന. വിദേശബാങ്കുകളിലെ നിക്ഷേപവിവരം വെളിപ്പെടുത്താതിരുന്നാല്‍ ശിക്ഷിക്കപ്പെടുമെന്ന പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരെയാണ് ചില എംപിമാരുടെ എതിര്‍പ്പ്. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് എംപിമാര്‍ പറയുന്നത്.
ബില്‍ സഭയുടെ പരിഗണനയ്‌ക്ക് വരുന്നത് ഒഴിവാക്കി സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് അയക്കാനാണ് എംപിമാര്‍ ധനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇതോടെ ഫലത്തില്‍ ബില്‍ മരവിപ്പിച്ച അവസ്ഥയിലാകും. ഈ സഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനും സാധിക്കില്ല. എന്നാല്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ നിന്നും പിന്മാറില്ലെന്നും സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടില്ലെന്നും അരുണ്‍ ജയ്റ്റ്‌ലി നിലപാട് സ്വീകരിച്ചിട്ടുണ്ട്. കള്ളപ്പണം തടയാനുള്ള പുതിയ ബില്ലിനോട് എതിര്‍പ്പുള്ളവര്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പരസ്യമായി വിമര്‍ശിക്കട്ടെയെന്നാണ് ധനമന്ത്രിയുടെ നിലപാട്.
കള്ളപ്പണം തടയാനുള്ള ബില്ലിനെ എതിര്‍ക്കുന്ന എംപിമാരും രാഷ്‌ട്രീയ കക്ഷികളും സ്വയം തുറന്നുകാട്ടപ്പെടുമെന്നതിനാല്‍ ബില്‍ വലിയ പ്രതിസന്ധി കൂടാതെ പാസാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ.
















