കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നേറ്റം. കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലും സംസ്ഥാനത്തെ മറ്റ് 91 തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
കൊല്‍ക്കത്ത നഗരസഭയിലെ 144 വാര്‍ഡുകളില്‍ 99 എണ്ണം തൃണമൂല്‍ കോണ്‍ഗ്രസ് നേടി. ഇടത് കക്ഷികള്‍ 16, ബിജെപി 9, കോണ്‍ഗ്രസ് 7 എന്നിങ്ങനെയാണ് കക്ഷിനില. 51 തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലാണ് തൃണമൂല്‍ മേല്‍കൈ നേടിയത്.
കോണ്‍ഗ്രസ് 6 ഇടത് കക്ഷികള്‍ 5. ആറിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. കൊല്‍ക്കത്ത നഗരസഭയിലെ പ്രതിപക്ഷ നേതാവ് സിപിഎമ്മിലെ രൂപ ബക്ഷി പരാജയപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കുകയും വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു. തൃണമൂലിന്റെ അക്രമത്തില്‍ പ്രതിഷേധിച്ച് 30ന് 12 മണിക്കൂര്‍ പണിമുടക്കിന് ഇടതുപക്ഷവും സംസ്ഥാനവ്യാപകമായ കടയടപ്പിന് ബിജെപിയും ആഹ്വാനം ചെയ്തിട്ടുണ്ട്.
















