ബാള്‍ട്ടിമൂര്‍: യുഎസിലെ ബാള്‍ട്ടിമൂറില്‍ കറുത്തവര്‍ഗക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നു നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. പ്രക്ഷോഭകരുമായുണ്ടായ ഏറ്റുമുട്ടലില്‍ 15 പൊലീസുകാര്‍ക്കു പരുക്കേറ്റു.
നിര്‍മ്മാണത്തിലിരുന്ന ഒരു കെട്ടിടം പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. പോലീസ് വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ അക്രമമുണ്ടായി. അക്രമം വ്യാപകമായതോടെ മേരിലാന്‍ഡ് ഗവര്‍ണര്‍ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തലസ്ഥാന നഗരമായ വാഷിങ്ടണില്‍നിന്ന് 64 കി.മി അകലെയാണ് ബാള്‍ട്ടിമൂര്‍.സംഭവവുമായി ബന്ധപ്പെട്ട് നിരവധിപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആഫ്രിക്കന്‍ വംശജനായ ഫ്രെഡി ഗ്രേ (25) ആണ് പൊലീസ് മര്‍ദനത്തെ തുടര്‍ന്നു മരിച്ചത്. നട്ടെല്ലിന് പരിക്കേറ്റ യുവാവ് ഒരാഴ്ചയോളം അബോധാവസ്ഥയില്‍ ആയിരുന്നു.
ഇയാളുടെ മരണത്തിനു ശേഷമാണു നഗരത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.സംഭവത്തെക്കുറിച്ച് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
















