ആലുവ റെയില്‍വേ സ്റ്റേഷന് ഗുഡ്സ് ഷെഡ്ഡിന് സമീപം യുവതിയേയും മൂന്ന് മക്കളേയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.നാട്ടുകാരും ചുമട്ട് തൊഴിലാളികളും ഡ്രൈവര്‍മാരും വിളിച്ചറിയിച്ചതനുസരിച്ച് ജനസേവ പ്രവര്‍ത്തകര്‍ ഇവരെ രക്ഷപെടുത്തി. തമിഴ്നാട് പാപനാശം സ്വദേശിനി മുത്തുറാണി, മക്കളായ സെല്‍വകുമാര്‍ (9), ദേവരാജ് (6), ജെബസ്റ്റിന് (5) എന്നിവരാണ് ജനസേവ ശിശുഭവന് സംരക്ഷണയില്‍ കഴിയുന്നത്.
ഭര്‍ത്താവും തിരുനെല്‍വേലി സ്വദേശിയുമായ രാജ്കുമാര് തന്നേയും മക്കളെയും റെയില്വേസ്റ്റേഷന് സമീപം ഇരുത്തിയതിനുശേഷം ഭക്ഷണം വാങ്ങാനായി പോയതാണെന്നും ഭര്‍ത്താവിനെക്കുറിച്ച് അതിനുശേഷം യാതൊരു അറിവുമില്ലെന്നും മുത്തുറാണി പറഞ്ഞു. 9 കൊല്ലം മുമ്പാണ് കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ രാജ്കുമാര് മുത്തുറാണിയെ വിവാഹം ചെയ്തത്. ഒരുമാസംമുമ്പാണ് ഇയാള്‍ ഭാര്യയേയും മ ക്കളേയും കൂട്ടി ജോലിയ്ക്കായി കേരളത്തിലെത്തിയത്.
ആലുവ വെളിയത്തുനാട് മില്ലുപടിയില്‍ വാടകവീട്ടിലായിരുന്നു താമസം. വാടക കൊടുക്കാത്തതിന്റെ പേരില്‍ വീട്ടുട മ ഇറക്കിവിട്ടതിനെ തുടര്‍ന്ന് വീട്ടുസാധനങ്ങളുമായി രാജ്കുമാര് കുടുംബത്തേയുംകൂട്ടി ഇന്നലെ റെയില്വേസ്റ്റേഷന് ഗുഡ്സ്ഷെഡ്ഡ് പരിസരത്ത് എത്തുകയായിരുന്നു. രാത്രിയില്‍ ഭക്ഷണം വാങ്ങാനായി പോയ രാജ്കുമാറിനെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. അവശനിലയില്‍ യുവതിയും മക്കളും ഗുഡ്സ് ഷെഡ്ഡില്‍ തനിച്ചിരിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും തൊഴിലാളികളും ഇവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുകയും സമാധാനിപ്പിക്കുകയും ചെയ്തു.
പിറ്റേദിവസം ഇവരുടെ സംരക്ഷണത്തിനായി ജനസേവ ശിശുഭവന് ചെയര്മാന് ജോസ്മാവേലിയെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ജനസേവ ശിശുഭവന് പ്രവര്‍ത്തകര്‍ അമ്മയേയും കുട്ടികളേയും രക്ഷപെടുത്തി ജനസേവയിലെത്തിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: