കൊച്ചി: എം.വി. ദേവന്റെ ഒന്നാം ചരമ വാര്‍ഷികം കേരള ലളിതകലാ അക്കാദമി വിപുലമായ പരിപാടികളോടെ ആചരിക്കും. അനുസ്മരണത്തിന്റെ ഭാഗമായി ദേശീയ ചിത്രപ്രദര്‍ശനം, സെമിനാര്‍, പുസ്തക പ്രകാശനം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് സെന്ററിലാണ് ‘എം.വി.ദേവന് ഓര്‍മ്മ’ എന്ന പേരില്‍ അനുസ്മരണം നടക്കുന്നത്. ലളിത് കല അക്കാദമിയും (നാഷണല്‍ അക്കാദമി ഓഫ് ആര്‍ട്ട്, ന്യൂദല്‍ഹി), കൊച്ചി ഓര്‍ത്തിക് ക്രിയേറ്റവ് സെന്ററുമായി സഹകരിച്ച് 29 മുതല്‍ മെയ് 6 വരെയാണ് അനുസ്മരണം.
ഏപ്രില്‍ 29 വൈകീട്ട് 6ന് ഇന്ത്യയിലെ പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദേശീയ ചിത്ര-ശില്പ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കൊച്ചി നഗരസഭ മേയര്‍ ടോണി ചമ്മണി നിര്‍വ്വഹിക്കും. ന്യൂദല്‍ഹി ലളിത് കല അക്കാദമി അഡ്മിനിസ്ട്രേറ്റര്‍ കെ.കെ.മിത്തല്‍ അദ്ധ്യക്ഷത
വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത ചിത്രകാരന്മാരായ നമ്പൂതിരി, അക്കിത്തം നാരായണന്, കേരള ലളിതകലാ അക്കാദമി ചെയര്മാന് പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, സെക്രട്ടറി വൈക്കം എം.കെ. ഷിബു, ന്യൂഡല്‍ഹി ലളിതകലാ അക്കാദമി സെക്രട്ടറി എം.രാമചന്ദ്രന്, ഓര്‍ത്തിക് ക്രിയേറ്റീവ് സെന്റര്‍ ഡയറക്ടര്‍ ടി. കലാധരന്‍ എന്നിവര്‍ പങ്കെടുക്കും.
ഏപ്രില്‍ 30 വൈകീട്ട് 5.30ന് സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങില്‍ കെ.എല്‍. മോഹനവര്‍മ്മ, പ്രൊഫ. എം. തോമസ് മാത്യു, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി പി.വി. കൃഷ്ണന്‍നായര്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്. ഗോപാലകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
മെയ് 1 മുതല്‍ 5 വരെ വൈകീട്ട് 5.45ന് എറണാകുളം ലോട്ടസ് ക്ലബ്ബിന് എതിര്‍വശത്തുള്ള അരീന ഹാളില്‍ വെച്ച് എം.വി. ദേവനെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ ഉണ്ടായിരിക്കും.
മെയ് 1ന് നെഹ്റു ഫെല്ലോ കലാചരിത്രകാരന് പ്രൊഫ. ആര്. നന്ദകുമാര്‍ ‘എം.വി. ദേവന് – രേഖാ ചിത്രകാരന്’, മെയ് 2ന് പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എന്‍.ഷാജി ‘എം.വി.ദേവന്- സംഘാടകന്‍’, മെയ് 3ന് കലാവിമര്‍ശകനായ വിജയകുമാര്‍ മേനോന് ‘എം.വി. ദേവന് – വിമര്ശകന്’, മെയ് 4ന് കലാവിമര്‍ശകനായ ബിപിന്‍ ബാലചന്ദ്രന് ‘എം.വി. ദേവന് -ചിത്രകാരന്’, പ്രശസ്ത വാസ്തു ശില്പി ജേക്കബ് ചെറിയാന് ‘എം.വി. ദേവന് – വാസ്തുശില്പി’ എന്നീ പ്രഭാഷണങ്ങള്‍ നടക്കും. അനുസ്മരണത്തിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി എം.വി. ദേവനെക്കുറിച്ച് തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനവും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: