ന്യൂദല്‍ഹി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംക നേതാവുമായ ജയലളിതയ്‌ക്ക് തിരിച്ചടി. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ (എസ്പിപി) നിയമിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി കോടതി തള്ളി.
ശിക്ഷാവിധിക്കെതിരെ ജയലളിത അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീലില്‍ പുതുതായി വാദം കേള്‍ക്കാനാവില്ലെന്നും കേസില്‍ കര്‍ണാടക ഹൈക്കോടതിക്ക് വിധിപറയാമെന്നും പരമോന്നത കോടതി വ്യക്തമാക്കി.ഭവാനി സിങ്ങിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച തമിഴ്‌നാടിന്റെ നടപടിയാണ് കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് വിധേയമായത്.
എതിര്‍കക്ഷിയെ (ഭവാനി സിങ്) പിസിസി ആയി നിയമിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് യാതൊരു അധികാരവുമില്ല. സിങ്ങിന്റെ നിയമനം നിയമത്തെ സംബന്ധിച്ച് മോശമായകാര്യം. കീഴ്‌ക്കോടതിയിലെ വിചാരണയ്‌ക്കുവേണ്ടി മാത്രമാണ് ഭവാനി സിങ്ങിന്റെ നിയമനം,ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബഞ്ച് പറഞ്ഞു. നടപടികളുമായി കര്‍ണാടക ഹൈക്കോടിതിക്ക് മുന്നോട്ടുപോകാം.
കേസില്‍ വാദങ്ങള്‍ എഴുതിനല്‍കാന്‍ ഡിഎംകെ നേതാവ് കെ. അന്‍പഴകനും കര്‍ണാടക സര്‍ക്കാരിനും കോടതി ഇന്നുവരെ സമയം അനുവദിക്കുകയും ചെയ്തു.
1991 മുതല്‍ 96 വരെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 65 കോടിയിലധികം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് ജയലളിതയ്‌ക്കും അടുത്ത അനുയായി ശശികലയ്‌ക്കും രണ്ടു ബന്ധുക്കള്‍ക്കുമെതിരെയുള്ള കേസ്.
കഴിഞ്ഞ സെപ്തംബറില്‍, ജയലളിതയെയും കൂട്ടുപ്രതികളെയും പ്രത്യേക കോടതി നാലുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 100 കോടി രൂപ പിഴയടക്കാനും ജയലളിതയോട് ഉത്തരവിട്ടു. ഇതിനെതിരെ ജയലളിത മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു.
















