ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ 2010ല്‍ നടപ്പാക്കിയ കീഴടങ്ങുന്ന ഭീകരന്മാരെ പുനരധിവസിപ്പിക്കുന്ന നയത്തില്‍ മാറ്റംവരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മുഫ്തി മുഹമ്മദ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ കൈകൊള്ളുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയപ്പോള്‍ ഭീകരവാദത്തില്‍പ്പെട്ട നാല് യുവാക്കള്‍ തിരിച്ചുവന്നെങ്കിലും പിന്നീട് ആരും തന്നെ ഈ രീതിയില്‍ എത്തിയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാരതത്തില്‍ ഒറ്റ ഭീകരന്‍പോലും ഈ രീതിയില്‍ തിരിച്ചെത്തിയില്ല.
പാക് അധിനിവേശ കശ്മീരില്‍ താമസിക്കുന്ന നാലായിരത്തോളം പേര്‍ക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ആയിരത്തോളം ഭീകരന്മാര്‍ ഇവര്‍ക്ക് ചുറ്റിലുമുണ്ട്. ഇത്തരത്തില്‍ ആളുകള്‍ തിരിച്ചുവരുവാന്‍ പാക്കിസ്ഥാനോ ഭീകരന്മാരോ സമ്മതിക്കുകയില്ല.
1989 ജനുവരി ഒന്നിനും 2009 ഡിസംബര്‍ 31നും ഇടയില്‍ പാക് അധിനിവേശ കശ്മീരിലോ പാക്കിസ്ഥാനിലോ പോയവര്‍ക്ക് മാത്രമെ പുനരധിവാസ പദ്ധതിക്ക് അര്‍ഹത ഉണ്ടായിരിക്കുകയുള്ളു. ഇപ്പോള്‍ 453 പുരുഷന്മാരും 197 സ്ത്രീകളും 603 കുട്ടികളും നേപ്പാള്‍ വഴി ഭാരതത്തില്‍ എത്തിയിരുന്നു.
95 ഭീകരന്മാര്‍ അവരുടെ കുടുംബത്തെ ഇങ്ങോട്ട് തിരിച്ചയക്കുകയായിരുന്നു. ഇവര്‍ക്ക് പുനരധിവാസ നിയമം ഒരിക്കലും ബാധകമാക്കില്ല. ഒരു ഭീകരന്‍പോലും മാനസാന്തരമുണ്ടായി തിരിച്ചെത്തിയിട്ടില്ല. ഒരു ഭീകരന്‍ എത്തിയത് ശരിയായ രീതിയിലുമായിരുന്നില്ല. കീഴടങ്ങുന്നവരുടെ പനരധിവാസ പദ്ധതി ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നും ഇത് നിര്‍ത്തലാക്കണമെന്നും ബിജെപി സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു.
















