ന്യൂദല്‍ഹി: ഉത്തരേന്ത്യയിലും നേപ്പാളിലും വീണ്ടും ഭൂകമ്പമുണ്ടാകുമെന്നു നാസ മുന്നറിയിപ്പു നല്‍കിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മെസെജുകള്‍ വ്യാജമെന്നു സര്‍ക്കാര്‍. വേണ്ടത്ര ശാസ്ത്രീയ പിന്‍ബലമില്ലാത്ത ഇത്തരം വാര്‍ത്തകളില്‍ ആശങ്കപ്പെടരുതെന്നും സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ദിവസം നേപ്പാളില്‍ ഉണ്ടായതിനേക്കാള്‍ ശക്തമായ ഭൂചലനം വരുംദിവസങ്ങളില്‍ വടക്കേ ഇന്ത്യയില്‍ ഉണ്ടായേക്കുമെന്നാണ് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് വാര്‍ത്തയും മുന്നറിയിപ്പും പ്രചരിക്കുന്നത്. രാത്രി എട്ടു മണിയോടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂകമ്പം ഉണ്ടാകുമെന്നും ആരും വീടുകളില്‍ പോകരുതെന്നുമാണ് കഴിഞ്ഞ ദിവസം വാട്‌സാപ്പില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.
വരാനിരിക്കുന്ന ഭൂകമ്പത്തിന്റെ തീവ്രത 8.2 ആയിരിക്കുമെന്ന് നാസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഈ സന്ദേശത്തില്‍ പറയുന്നു. വരും ദിവസങ്ങളില്‍ ബിഹാറില്‍ 13 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടാകുമെന്നാണ് മറ്റൊരു മുന്നറിയിപ്പ്. ഫെയ്‌സ്ബുക്കിലും ഈ സന്ദേശം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
എന്നാല്‍ നാസ ഇത്തരത്തിലുള്ള പ്രവചനം നടത്തിയിട്ടില്ലെന്നും ഭാരതത്തില്‍ ഭൂകമ്പമുണ്ടാകുമെന്നു മുന്നറിയിപ്പുമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സീസ്മോളജി വിഭാഗം അധികൃതര്‍ വ്യക്തമാക്കി.
















