ന്യൂദല്‍ഹി: ഡോ. അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലും രാജ്യത്തെ കുറച്ചു കുടുംബങ്ങള്‍ക്ക് മറ്റുള്ളവരുടെ മനുഷ്യവിസര്‍ജ്ജ്യം തലയിലേറ്റേണ്ടി വരുന്ന ജീവിത സാഹചര്യം നമുക്ക് തീരാ കളങ്കമാണെന്നും ഇതവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതില്‍നിന്ന് അവരെ മോചിപ്പിക്കാന്‍ സര്‍ക്കാരിനൊപ്പം സമൂഹവും ഒന്നിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പൗരന്മാരോട് മന്‍ കീ ബാത്ത് റേഡിയോ പ്രക്ഷേപണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബാ സാഹിബ് അംബേദ്ക്കറുടെ 125-ാം ജയന്തിവര്‍ഷത്തില്‍ ഈ കളങ്കത്തില്‍നിന്ന് രാജ്യത്തെ മുക്തമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. വളരെ കുറച്ചു കുടുംബങ്ങള്‍ മാത്രമാണ് മനുഷ്യ വിസര്‍ജ്ജ്യം തലയില്‍ ചുമന്നുമാറ്റുന്ന ജോലി ചെയ്യുന്നത്. ഈ അവസ്ഥ സഹിക്കാവതല്ല. സമൂഹത്തെ അവര്‍ക്കൊപ്പം നിര്‍ത്താനാവണം. സര്‍ക്കാരിന്റെ ഉത്തരവാദിത്വം നടപ്പിലാക്കണം. അതിന് ജനങ്ങളുടെ സഹകരണമാണ് ആവശ്യം, മോദി പറഞ്ഞു.
ബാബാ സാഹിബ് അംബേദ്ക്കര്‍ ജീവിതം മുഴുവന്‍ പറഞ്ഞത് വിദ്യാഭ്യാസം നേടുകയെന്നാണ്. ഇന്ന് നമ്മുടെ നാട്ടിലെ വളരെയേറെ ദളിതരും ചൂഷിതരും സാധാരണക്കാരുമായ ജനവിഭാഗത്തിന്റെയിടയില്‍ വിദ്യാഭ്യാസം ശരിയാംവണ്ണം എത്തിയിട്ടില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം എന്നത് ഒരു കിട്ടാക്കനിയായിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ബാബാ സാഹിബ് അംബേദ്ക്കറുടെ 125-ാം ജയന്തിവര്‍ഷത്തില്‍ നമുക്ക് ഈ തീരുമാനമെടുക്കാം, നമ്മുടെ ഗ്രാമത്തിലോ, പട്ടണത്തിലോ, തെരുവുകളിലോ ആണ്‍കുട്ടികളോ, പെണ്‍കുട്ടികളോ വിദ്യാഭ്യാസമില്ലാത്തവരായി ആരുമുണ്ടാകരുത്. നമ്മുടെ സര്‍ക്കാര്‍ ആ മഹത്തായ കര്‍ത്തവ്യം ഏറ്റെടുക്കുകയാണ്. സമൂഹത്തിന്റെ സഹകരണവും ഇതിനാവശ്യമാണ്. ആ സന്തോഷത്തില്‍ നമുക്കേവര്‍ക്കും പങ്കാളികളാകാം.
ബാബാ സാഹേബ് അംബേദ്ക്കറിന് ന്യൂദല്‍ഹിയിലും മുംബൈയിലും സ്മാരകങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി മോദി അറിയിച്ചു. അന്താരാഷ്‌ട്ര അംേബദ്കര്‍ സ്മാരക കേന്ദ്രം എന്ന 20 വര്‍ഷത്തിലേറെയായി നടക്കാത്ത പദ്ധതി 20 മാസത്തിനകം പൂര്‍ത്തിയാക്കനാണ് നിര്‍ദ്ദേശിച്ചിരികുന്നത്. ആ അന്താരാഷ്‌ട്ര കേന്ദ്രം വഴി ആഗോളതലത്തില്‍ അംബേദ്കറെന്ന മഹാനെ അറിയാനും അദ്ദേഹത്തിന്റെ ചിന്തകളും പ്രവൃത്തികളും അറിയാനും അവസരമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
















