കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഇന്നലെയുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്. (ഇസ്ലാമിക സ്റ്റേറ്റ്) ഏറ്റെടുത്തു. ഐ.എസ് വക്താവായി അവകാശപ്പെട്ട ശഹീദുല്ല ശഹീദ് ആണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
നേരത്തേ ഐ.എസ്സിന് കൂറ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പുറത്താക്കപ്പെടുന്നതുവരെ പാക് താലിബാന്റെ വക്താവായിരുന്നു ഇയാള്‍. രാജ്യത്ത് ഐ.എസ് നടത്തുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്.
ജലാലാബാദ് പട്ടണത്തിലെ ഒരു ബാങ്കിന്റെ പുതിയ ശാഖയ്‌ക്ക് പുറത്താണ് രാവിലെ 8.30ന് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കുട്ടികളടക്കം 33 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.ഈ സമയത്ത് ഒട്ടേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൈനികരും മറ്റും മാസശമ്പളം കൈപ്പറ്റാന്‍ ബാങ്കിലെത്തിയിരുന്നു.
















