ന്യൂദല്‍ഹി: സ്വരാജ് സംവാദമെന്ന പരിപാടി നടത്തിയതിന് എഎപി നേതൃത്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനെ തള്ളിപ്പറഞ്ഞ് വിമത വിഭാഗം നേതാവ് യോഗേന്ദ്രയാദവ്. എഎപി നല്‍കിയ നോട്ടീസ് തമാശയായി മാത്രം കണ്ടാല്‍ മതിയെന്ന് യോഗേന്ദ്രയാദവ് പ്രതികരിച്ചു. യാദവിന് പുറമേ പ്രശാന്ത് ഭൂഷണ്‍, അജിത് ഝാ, അനന്ത്കുമാര്‍ എന്നീ വിമത നേതാക്കള്‍ക്കെതിരെയാണ് എഎപി നേതൃത്വം നടപടികള്‍ തുടങ്ങിയത്.
പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തിയെന്നാരോപിച്ച് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് വിമത നേതാക്കള്‍ക്ക് ലഭിക്കുംമുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് ലഭിച്ചതും പ്രഹസനമായി.
പാര്‍ട്ടിയിലെ വാര്‍ത്തകള്‍ ചോര്‍ത്തിയെന്നാരോപിച്ച് കഴിഞ്ഞ രാത്രി നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസ് തനിക്ക് ലഭിക്കുന്നതിനു മുമ്പുതന്നെ ചോര്‍ന്നത് തമാശയായി കാണണമെന്ന് യോഗേന്ദ്രയാദവ് ട്വിറ്ററിലൂടെ പ്രതികരിച്ചു.
ശനിയാഴ്ച ദിനത്തിലെ തമാശകളാണിതെല്ലാം. പാര്‍ട്ടിവാര്‍ത്തകള്‍ ചോര്‍ന്നതിന് നല്‍കിയ നോട്ടീസ് പോലും ചോര്‍ത്തുന്നു, യാദവ് കുറ്റപ്പെടുത്തി. അച്ചടക്ക സമിതിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ യോഗേന്ദ്രയാദവ് സമിതിയിലെ മൂന്നംഗങ്ങളില്‍ രണ്ടുപേരും തങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് മുമ്പ് പരസ്യമായി ആവശ്യപ്പട്ടവരാണ്. പരാതി നല്‍കിയവരും പരിഗണിക്കുന്നവരും ഒന്നുതന്നെയാണ്.
തനിക്കും ഭൂഷണുമെതിരെ നിരന്തരം പരാതികള്‍ ഉന്നയിച്ചവര്‍ എങ്ങനെ അച്ചടക്ക സമിതി അംഗങ്ങളായെന്നും യാദവ് ചോദിക്കുന്നു. അച്ചടക്ക സമിതി അംഗമായ പങ്കജ് ഗുപ്ത യാദവിനും പ്രശാന്ത് ഭൂഷണുമെതിരെ പരസ്യമായി പ്രസ്താവന പുറത്തിറക്കിയ ആളാണ്. എഎപി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇരുവരും നടത്തിയതെന്ന് പറഞ്ഞു നടന്ന ആളു തന്നെ ഇപ്പോള്‍ കേസ് അന്വേഷിക്കുന്നു.
പ്രശാന്ത് ഭൂഷണും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയ ആശിഷ് ഖേതനാണ് മറ്റൊരു അച്ചടക്ക സമിതി അംഗം. യാദവും ഭൂഷണും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നതിന്റെ പ്രധാന സാക്ഷിയായി രംഗത്തെത്തിയ ആളാണ് ആശിഷ് ഖേതന്‍. സാക്ഷി തന്നെ ന്യായാധിപനായി മാറുകയാണെന്ന് യോഗേന്ദ്രയാദവ് കുറ്റപ്പെടുത്തി.
അച്ചടക്ക സമിതി അംഗങ്ങള്‍ക്കെതിരെ സമിതി ചെയര്‍മാന്‍ ദിനേഷ് വാങ്കലെയെ സമീപിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിക്കാമെന്ന് ദിനേശ് വാങ്കലെ പറഞ്ഞതായും യോഗേന്ദ്രയാദവ് പറഞ്ഞു. പാര്‍ട്ടി തീരുമാനങ്ങള്‍ തങ്ങള്‍ ചോര്‍ത്തിയെന്ന പരാതി അന്വേഷിക്കും മുമ്പ് അച്ചടക്ക കമ്മറ്റിയുടെ തീരുമാനങ്ങള്‍ ചോര്‍ന്നതിനെപ്പറ്റി അന്വേഷണം വേണമെന്ന ആവശ്യവും യാദവ് മുന്നോട്ടുവെച്ചു.
















