ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ കൂട്ടത്തില്‍ നിന്നും ഗോഡ്‌സെ എന്ന വാക്ക് മാറ്റി. നാസിക് എംപിയായ ഹേമന്ത് തുക്കാറാം ഗോഡ്‌സെയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ലോക്‌സഭാ സ്പീക്കറുടെ ഉത്തരവ്. ഒരു പാര്‍ലമെന്റംഗത്തിന്റെ പേര് ഉപയോഗിക്കുന്നത് പാര്‍ലമെന്ററി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന അവസ്ഥ ഒഴിവാക്കുന്നതിനാണ് നടപടിയെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കുന്നു.
രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക ഗോഡ്‌സെയുടെ പേരിലെ ഗോഡ്‌സെ എന്ന വിശേഷണ പദം 1956ലാണ് ഭാരത പാര്‍ലമെന്റ് മോശം വാക്കുകളുടെ ഗണത്തില്‍പെടുത്തി ഉത്തരവിറക്കിയത്. ഇതോടെ ഗോഡ്‌സെ എന്ന വാക്ക് ഏതു സഭാംഗം സഭയിലെ പ്രസംഗങ്ങളില്‍ ഉപയോഗിച്ചാലും അവയെല്ലാം തന്നെ ഔദ്യോഗിക രേഖകളില്‍ നിന്നും നീക്കം ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ നാസിക്കില്‍ നിന്നും വിജയിച്ചെത്തിയ ശിവസേന എംപിക്ക് ലോക്‌സഭയുടെ നടപടി വലിയ തലവേദനയായി മാറി. ഹേമന്ത് തുക്കാറാം ഗോഡ്‌സെയുടെ പേരിന്റെ അവസാന ഭാഗം എല്ലായ്‌പ്പോഴും സഭാരേഖകളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടിരുന്നു. ഇതിനെതിരെ ഹേമന്ത് തുക്കാറാം സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
ഗോഡ്‌സെ എന്ന വാക്കിനെ മാത്രമാണ് നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. നാഥുറാം വിനായക് എന്ന പേര് നിരോധിത വാക്കുകളുടെ ഗണത്തില്‍ തന്നെ തുടരുമെന്നും സ്പീക്കര്‍ സുമിത്രാ മഹാജന്റെ ഓഫീസ് അറിയിച്ചു.
തന്റെ സര്‍നെയിം ഗോഡ്‌സെ എന്നായത് തന്റെ കുറ്റമല്ലെന്നും എങ്ങനെയാണ് ഒരു പാര്‍ലമെന്റംഗത്തിന്റെ സര്‍നെയിം സഭ്യേതരവാക്കായി കണക്കാക്കാനാവുന്നതെന്നും ഹേമന്ത് തുക്കാറാം ഗോഡ്‌സെ ചോദിക്കുന്നു. മഹാരാഷ്‌ട്രയുടെ വിവിധ പ്രദേശങ്ങളിലെ ഗോഡ്‌സെ സമുദായത്തിലുള്ള ജനങ്ങള്‍ താമസിക്കുന്നുണ്ടെന്നും ഹേമന്ത് തുക്കാറാം പറയുന്നു. രാജ്യസഭയില്‍ ശീതകാല സമ്മേളനത്തിനിടെ ഗോഡ്‌സെ എന്ന വാക്ക് ഉപയോഗിച്ചത് രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ വിലക്കിയതിനെ തുടര്‍ന്നാണ് ഹേമന്ത് തുക്കാറാം ഗോഡ്‌സെ ലോക്‌സഭാ സ്പീക്കറെ സമീപിച്ചത്.
















