ഒട്ടാവ: ഖജുരാഹൊ ക്ഷേത്രത്തില്‍ നിന്ന് കടത്തിയ ശില്‍പ്പം ഭാരതത്തിലേയ്‌ക്ക് തിരിച്ചെത്തുന്നു. ശില്‍പ്പം ഒട്ടാവയില്‍ വച്ച് കനേഡിയന്‍ പ്രധാനമന്ത്രി ഹാര്‍പ്പര്‍ മോദിക്ക് തിരിച്ചു നല്‍കി.
ഹാര്‍പ്പറുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം കനേഡിയന്‍ പാര്‍ലമെന്റ് ലൈബ്രറി സന്ദര്‍ശനവേളയിലാണ് ശില്പം കൈമാറിയത്. ശില്‍പ്പത്തിന് തൊള്ളായിരം വര്‍ഷം വരെ പഴക്കം വരും.
വിലമതിക്കാനാവാത്ത പുരാതന ശില്പം 2011ല്‍ കാനഡയിലെ ഒരു സ്വകാര്യവ്യക്തിയുടെ ശേഖരത്തില്‍ നിന്ന് കണ്ടെത്തിയതാണ്. മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന ശില്പം പിടിച്ചെടുത്ത കനേഡിയന്‍ സര്‍ക്കാര്‍ തുടര്‍ന്ന് ഭാരതവുമായി ബന്ധപ്പെട്ട് ഇത് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
‘പാരറ്റ് ലേഡി’ എന്ന ശില്പം 1970ലെ യുനസ്‌കോ സമ്മേളനത്തിലെ തീരുമാനമനുസരിച്ചാണ് കൈമാറിയത്.
യുനസ്‌കോ സംരക്ഷിത പൈതൃക ആസ്ഥാനമായ ഖജുരാഹൊയ്‌ക്ക് അവകാശപ്പെട്ട ശില്പം തത്തയോടുകൂടിയ നര്‍ത്തകിയുടെ രൂപത്തിലുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയിദ് അക്ബറുദ്ദീന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
















