ടെഹ്‌റാന്‍: ഇറാന്റെ ആയുധശേഷിക്ക് കൂടുതല്‍ കരുത്തു പകരുന്നതിനായി എസ് 300 ശ്രേണിയിലെ മിസൈലുകള്‍ നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍. ടെഹ്‌റാനിലെ സൈന്യത്തിന്റെ ആയുധശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യംവച്ചാണ് മിസൈലുകള്‍ കൈമാറുന്നത്. ഇതിനായി 800 ദശലക്ഷം ഡോളറിന്റെ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
2007ല്‍ എസ് 300 മിസൈലുകളുടെ കൈമാറ്റത്തിനായി റഷ്യയും ഇറാനും ഒപ്പുവെച്ചതാണ്. എന്നാല്‍ യുഎസ്, ഇസ്രായേല്‍ തുടങ്ങി ആറ് പ്രമുഖ രാജ്യങ്ങള്‍ എതിര്‍പ്പുപ്രകടിപ്പിച്ചതോടെ ഇതില്‍ നിന്നും പിന്മാറുകയും മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ആയുധ കൈമാറ്റത്തിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ചയാണ് പുടിന്‍ നിരോധനം റദ്ദാക്കിയത്. ജൂണ്‍ 30ഓടെ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















