431. ചക്രരാജാരഥാരൂഢാഃ ചക്രരാജം എന്ന രഥത്തില്‍ കയറിയാണ് ദേവി ഭണ്ഡവധത്തിനു പുറപ്പെട്ടത്. ശ്രീചക്രത്തിന്റെ ത്രിമാനരൂപമായ മേരുചക്രത്തിന്റെ ആകൃതിയാണ് ദേവിയുടെ ചക്രരാജരഥത്തിനുള്ളത്. ലളിതോപാഖ്യാനത്തില്‍ ചക്രരാജരഥത്തിന്റെ വര്‍ണ്ണന ചേര്‍ത്തിട്ടുള്ളത് വായിച്ച് അതിന്റെ ഒരു ചിത്രം വരച്ചാല്‍ ശ്രീചക്രത്തിന്റെ ചിത്രമായിരിക്കും ലഭിക്കുന്നത്. തന്ത്രശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ള യന്ത്രങ്ങളില്‍ സര്‍വശ്രേഷ്ഠമായതുകൊണ്ട് ശ്രീചക്രത്തെ യന്ത്രരാജന്‍ എന്നും ചക്രരാജന്‍ എന്നും പറയാറുണ്ട്. ശ്രീചക്രത്തെ തന്നെ രഥമാക്കിയാണു ദേവി ഭണ്ഡവധത്തിനു യാത്ര ചെയ്തത് എന്നും പറയാം. (ലളിതോപാഖ്യാനം 12-ാം അദ്ധ്യായത്തിലെ ചക്രരാജരഥവര്‍ണ്ണന വായിക്കുക)
‘മൂകാംബികാ’ എന്ന ഒന്നാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ ക്ഷേത്രോല്‍പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യം വിവരിച്ച കൂട്ടത്തില്‍ മേരുപര്‍വതത്തിന്റെ ശ്രീചക്രാകൃതിയുള്ള ഒരു ശിഖരം ഗരുഡന്‍ അടര്‍ത്തിയെടുത്ത് കുടജാദ്രിയുടെ താഴ്‌വാരത്തില്‍ പ്രതിഷ്ഠിച്ച കാര്യം പറഞ്ഞിരുന്നു. ആ മേരു ശൃംഖത്തിന്റെ മദ്ധ്യത്തില്‍ ശിവനോടാപ്പം വിരാജിക്കുന്ന മൂകാംബികദേവിക്ക് ചക്രരാജരഥാരൂഢാ എന്ന നാമം യുക്തമാണ് എന്നും വ്യാഖ്യാനിക്കാം.
…. തുടരും
















