വിശ്രമാനന്തരം അജനും പരിവാരങ്ങളും വിദര്‍ഭയെ നോക്കി പ്രയാണം തുടര്‍ന്നു. നഗരാതിര്‍ത്തിയില്‍ വെച്ചു തന്നെ വിദര്‍ഭരാജവ് അദ്ദേഹത്തെ എതിരേറ്റു പ്രത്യേകം സജ്ജമാക്കിയിട്ടുളള കൂടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്വയംവരത്തിന് വന്നിട്ടുളള മറ്റ് രാജാക്കന്മാരെ ക്കുറിച്ചും അതുപോലെ തന്നെ കമനീയയായ കന്യകാരത്‌നത്തെ സ്വന്തമാക്കാന്‍ കഴിയുമോ എന്ന് ചിന്തിച്ചും കിടന്ന അജന് അന്ന് രാത്രിയില്‍ വളരെ വൈകിയാണ് ഉറങ്ങാന്‍ കഴിഞ്ഞത്. രാത്രി വളരെ നേരം അത്രമേല്‍ കൊതിക്കത്തക്കവളും; ദുര്‍ലഭയുമായ ആ കന്യകയെ ഓര്‍ത്തോര്‍ത്ത് തലക്ക് കയ്യും വെച്ച് തലങ്ങും വിലങ്ങും തിരിഞ്ഞും മറിഞ്ഞും വളരെ നേരം ഉറക്കം വരാതെ കഴിച്ചു കൂട്ടി.
ഉഷസ്സായപ്പോള്‍ വൈതാളികരുടെ സ്തുതി ഗീതങ്ങള്‍ കേട്ടുകൊണ്ടുണര്‍ന്ന അജന്‍ ദിനകൃത്യങ്ങളെല്ലാം മുറപ്രകാരം നിര്‍വഹിച്ച ശേഷം സ്വയംവര സദസ്സിലേക്ക് പുറപ്പെട്ടു. അവിടെ ദേവതുല്യരായ അനേകം രജകുമാരന്മാര്‍ സിംഹാസനങ്ങളില്‍ ഇരിക്കുന്നുണ്ടായിരുന്നു. അജനെ കണ്ടതോടെ അവരില്‍ പലര്‍ക്കും ഇന്ദുമതിയിലുണ്ടായിരുന്ന ആശ നശിച്ചമട്ടായി എല്ലാവരുടെയും കണ്ണുകള്‍ക്ക് ഏക ലക്ഷ്യമായിത്തീര്‍ന്ന അജന്‍ അതിമനോഹരമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായി.
ഈ സമയത്ത് ചന്ദ്രവംശത്തിലും സൂര്യവംശത്തിലുമുളള രാജാക്കന്മാരെ സ്തുതിച്ചു കൊണ്ട് വൈതാളികന്മാര്‍പാടി. എല്ലായിടത്തും സുഗന്ധ ധൂമം പരന്നു. മംഗളദ്യോതകമായ ശംഖധ്വനിയും പെരുമ്പറ വാദ്യവും എല്ലായിടത്തും മുഴങ്ങി. ഈ സമയത്ത് ഭര്‍ത്തൃവരണത്തിനായി വേളിക്കോപ്പണിഞ്ഞ കന്യക തോഴിയോടൊപ്പം മന്ദം മന്ദം നടന്ന് വേദിയില്‍ പ്രവേശിച്ചു.
നിരന്നിരിക്കുന്ന രാജകുമാരന്മാരുടെ കണ്ണുകള്‍ ഒരേ ലക്ഷ്യത്തില്‍ ചെന്ന് പതിച്ചു. അത്ഭുത പരതന്ത്രരായിത്തീര്‍ന്ന അവര്‍ ശരീരം കൊണ്ട് ഇരിപ്പിടത്തിലും മനസ്സുകൊണ്ട് ആ കന്യകയിലും ഉപവിഷ്ടരായി. പലരും തങ്ങളെ മറന്ന് വിവിധ ശൃംഗാര ചേഷ്ടകള്‍ കാണിക്കാന്‍ തുടങ്ങി
ഓരോ രാജാക്കന്മാരുടെയും പ്രത്യേകതകള്‍ പഠിച്ചറിഞ്ഞിട്ടുളളവളും ഒരു പുരുഷനെപ്പോലെ പ്രൗഡയുമായ സുനന്ദ എന്ന തോഴി കന്യകയെ ആദ്യമായി കൂട്ടിക്കൊണ്ടു പോയത് മഗധരാജാവിന്റെ അടുത്തേക്കാണ്. അദ്ദേഹത്തിന്റെ വീരശൂര പരാക്രമങ്ങളേയും പ്രജകളെ ഇണക്കി നിര്‍ത്തുന്നതിലുളള സാമര്‍ത്ഥ്യത്തെയും മറ്റും വിശദമായി വിവരിച്ചു പറഞ്ഞു.
സുനന്ദയുടെ ഇപ്രകാരമുളള വര്‍ണ്ണന കേട്ടപ്പോള്‍ ഇന്ദുമതി അദ്ദേഹത്തെ ഒന്നു നോക്കി ഒന്നുംപറയാതെത്തന്നെ അദ്ദേഹത്തെ വന്ദിച്ച് നീങ്ങാന്‍ തുടങ്ങി. ഇന്ദുമതിയുടെ അഭിമത മറിഞ്ഞ സുനന്ദ അവളെയും കൂട്ടി അംഗരാജാവിന്റെ സമീപത്തിലെത്തി അവിടെ നിന്നും അടുത്തതായി അവന്തി രാജാവ്, കലിംഗരാജാവ്, നാഗപുര രാജാവ് മുതലായ ഒട്ടനവധി രാജാക്കന്മാരെ കണ്ട് കന്യക വന്ദിച്ചു. ഒടുവില്‍ ഇന്ദുമതി അജന്റെ മുമ്പിലാണ് ചെന്നു ചേര്‍ന്നത്. സുനന്ദ അദ്ദേഹത്തെ വര്‍ണ്ണിച്ചു പറഞ്ഞവാക്കുകള്‍ അവള്‍ക്ക് കര്‍ണ പീയൂഷമായിത്തോന്നി. സുനന്ദ പറഞ്ഞു നിര്‍ത്തിയപ്പോള്‍ തന്നെ രാജകുമാരി ലജ്ജ കൈവെടിഞ്ഞ് തെളിഞ്ഞു മിന്നുന്ന നോട്ടം കൊണ്ട് വരണ മാല കൊണ്ടെന്ന് തോന്നുമാറ് കുമാരനെ സ്വീകരിച്ചു. ഉളളിലൊതുക്കിയ അനുരാഗം രോമാഞ്ചമായി പ്രകടമായി അജന്റെ മുന്നില്‍ നിന്നും മാറുവാന്‍ അവള്‍ക്ക് മനസ്സു വന്നില്ല.
ഇന്ദുമതി ആ നിലയില്‍ വിഷമിച്ചു നില്‍ക്കുമ്പോള്‍ ഊറിച്ചിരിയോടെ കളിയാക്കി കൊണ്ട് സുനന്ദ പറഞ്ഞു വരൂ ആര്യേ ഇനി നമുക്ക് മറ്റൊരാളെ കാണാന്‍ പോകാം ഇതു കേട്ടപ്പോള്‍ ഇന്ദുമതി അവളെ അസൂയയോടെ ഇടം കണ്ണിട്ടു നോക്കി കാരണം തന്റെ വിഷമാവസ്ഥയില്‍ സഹായിക്കേണ്ടതിനു പകരം ഇവള്‍ കൂടുതല്‍ വിഷമം സൃഷ്ടിക്കുകയാണല്ലോ എന്ന് ഓര്‍ത്ത്. സുന്ദരിയായ അവള്‍ അജന്റെ കഴുത്തില്‍ മംഗള ചൂര്‍ണ്ണം വിതറി, മഞ്ഞച്ച മാലയെ മൂര്‍ത്തിമത്തായ അനുരാഗത്തെ എന്ന പോലെ യഥാസ്ഥാനം ചാര്‍ത്തിച്ചു. ഇതു കണ്ട കാണികള്‍ അവരുടെ ഒത്തു ചേരലിനെ മഴക്കാറൊഴിഞ്ഞ ചന്ദ്രനെ വെണ്ണിലാവ് പ്രാപിച്ചു എന്നും മറ്റു ചിലര്‍ ഗംഗ സമുദ്രത്തോട് ചേര്‍ന്നതായും വര്‍ണ്ണിച്ചു. ഈ തുല്യ ഗുണങ്ങളുടെ ചേര്‍ച്ചയില്‍ പ്രീതരായിത്തീര്‍ന്ന പൗരാവലി ഇങ്ങിനെ പലതും പുകഴ്‌ത്തിപ്പറഞ്ഞു നടത്തുന്ന ഉല്‍ഘോഷണങ്ങള്‍ അവിടെയുളള മറ്റു രാജാക്കന്മാരുടെ ചെവികള്‍ക്ക് എരിച്ചിലുണ്ടാക്കി.
ഇന്ദുമതി അജനെ മാല ചാര്‍ത്തിയ ശേഷം ഭോജരാജാവ് പുറമെ കെട്ടിയുണ്ടാക്കിയ ശാലയില്‍ നിന്നും സ്‌കന്ദനോട് ചേര്‍ന്ന ഇന്ദ്ര പുത്രിയായ സാക്ഷാല്‍ ദേവസേനയോ എന്ന് തോന്നും വണ്ണം അനുരൂപനായ വരനോട് ചേര്‍ന്ന സഹോദരിയെ കൂട്ടികൊണ്ട് നഗരമദ്ധ്യത്തിലുളള കോവിലകത്തേക്ക് പുറപ്പെട്ടു. ഭോജകന്യകയെക്കുറിച്ചുളള മനോരഥമെല്ലാം പാഴിലായ രാജാക്കന്മാര്‍ പ്രഭാതത്തില്‍ ഒളിമങ്ങുന്ന നക്ഷത്രങ്ങളെപ്പോലെയായെങ്കിലും; അജനോടുളള വെറുപ്പ് മനസ്സില്‍ വര്‍ദ്ധിച്ചിട്ടും അവരെല്ലാവരും തല്‍ക്കാലം അടങ്ങിയിരുന്നു.
…. തുടരും
















