ഇസ്‌ലാമാബാദ്: മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാക്കി ഉര്‍ റഹ്മാന്‍ ലഖ്‌വിയെ ജയിലില്‍ നിന്നും മോചിപ്പിച്ചതിനെതിരേ ഹര്‍ജി. പാക് സുപ്രീംകോടതിയിലാണു ഹര്‍ജി നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ സര്‍ക്കാരാണു ഹര്‍ജി സമര്‍പ്പിച്ചത്.
ഏപ്രില്‍ 10നാണു ലഖ്‌വിയെ ജയിലില്‍ നിന്നും മോചിപ്പിച്ചത്. ലാഹോര്‍ ഹൈക്കോടതിയായിരുന്നു ലഖ്‌വിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.
ലഖ്‌വിയെ മോചിപ്പിക്കുന്നത് മുംബൈയ് ഭീകരാക്രമണ കേസിന്റെ വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ലഖ്‌വിക്കെതിരായി പാക് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വേണ്ടവിധം പരിശോധിക്കാതെയാണ് കോടതി അയാളെ മോചിപ്പിച്ചതെന്നും പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി.
ലഖ്‌വിയുടെ മോചനത്തിലൂടെ പഞ്ചാബ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കേസിന്റെ വിചാരണ രണ്ടു മാസത്തിനുള്ളില്‍ തീര്‍ക്കണമെന്ന് ഇസ്‌ളാമാദ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലഖ്‌വിയുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ മതിയായ രേഖകള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഏപ്രില്‍ ഒന്പതിനാണ് ലാഹോര്‍ ഹൈക്കോടതി ലഖ്‌വിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.
















