ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബെര്‍ഗില്‍ സ്ഥാപിച്ചിട്ടുള്ള, ഇന്ത്യയുടെ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ അജ്ഞാതരായ ഒരു സംഘം വികൃതമാക്കി. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കാറിലെത്തിയ സംഘം ഗാന്ധിജി വക്കീല്‍ വേഷത്തില്‍ നില്‍ക്കുന്ന പ്രതിമയുടെ മേല്‍ വെള്ള പെയിന്റ് ഒഴിക്കുകയും വംശീയവാദി ഗാന്ധി തുലയട്ടെ എന്ന് ഉറക്കെ വിളിച്ചു പറയുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. പ്‌ളക്കാര്‍ഡുകളും സംഘം ഉയര്‍ത്തിക്കാട്ടി.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു. എന്നാല്‍ സംഘത്തിലെ മറ്റുള്ളവര്‍ രക്ഷപ്പെട്ടു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചിഹ്നങ്ങള്‍ അണിഞ്ഞാണ് അക്രമികള്‍ എത്തിയത്. പിടിയിലായ ആള്‍ യാതൊരു ഭാവഭേദവും ഇല്ലാതെയാണ് സംസാരിച്ചത്.
രാഷ്‌ട്രീയ നേതാക്കള്‍ വന്ന് തന്നെ രക്ഷിച്ചു കൊള്ളും എന്നും അയാള്‍ നിഷേധഭാവത്തില്‍ മറുപടി നല്‍കി. പൊതുമുതല്‍ നശിപ്പിച്ചതിന് ഇയാളുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
















