മനസ്സിലെ സംഘര്‍ഷംമൂലം ഇന്നു നമുക്കു ശാന്തി അനുഭവിക്കാന്‍ കഴിയുന്നില്ല. ഈ സംഘര്‍ഷം ഒഴിവാക്കണമെങ്കില്‍ മനസ്സിന്റെ വിദ്യകൂടി മനസ്സിലാക്കിയിരിക്കണം. അതാണ് അദ്ധ്യാത്മികവിദ്യ. അഗ്രിക്കള്‍ച്ചര്‍ പഠിച്ചവനു വൃക്ഷം നട്ടു വളര്‍ത്തുവാന്‍ പ്രയാസമില്ല.
ശരിക്കു വളര്‍ത്തുവാനും അതിനെന്തു കേടുവന്നാലും ശുശ്രൂഷിച്ചു മാറ്റുവാനും കഴിയും. എന്നാല്‍ ഇതൊന്നുമറിയാതെ കൃഷി ചെയ്താല്‍ പത്തു തൈകള്‍ നടുമ്പോള്‍ ഒന്‍പതും നഷ്ടമായെന്നിരിക്കും.
ഒരു മെഷീന്‍ വാങ്ങി അതു പ്രയോഗിക്കേണ്ട രീതി മനസ്സിലാക്കാതെ ഉപയോഗിച്ചാല്‍ ചീത്തയാകും. അതുപോലെ ജീവിതം എന്തെന്നു മനസ്സിലാക്കി ജീവിച്ചാല്‍ നമ്മുടെ ജന്മം നഷ്ടമാകുകയില്ല. അതിനാല്‍ ആദ്ധ്യാത്മികവിദ്യ അഭ്യസിക്കുക, അങ്ങനെ ജീവിച്ചാല്‍ ഭൂമിയിലും മോക്ഷം, മരിച്ചുകഴിഞ്ഞാലും മോക്ഷം. വഴിയറിഞ്ഞു യാത്ര ചെയ്താല്‍ സമയം നഷ്ടമാകില്ല. ജന്മം പാഴായിപ്പോകില്ല.
















