ഹൈദരാബാദ്: സത്യം കമ്പ്യൂട്ടര്‍ സര്‍വ്വീസസ് ലിമിറ്റഡിന്റെ കോടികളുടെ തട്ടിപ്പ് സംബന്ധിച്ചുള്ള കേസില്‍ കമ്പനി സ്ഥാപകന്‍ ബി.രാമലിംഗരാജു അടക്കം 10 പ്രതികളും കുറ്റക്കാരെന്ന് ആന്ധ്രാപ്രദേശിലെ പ്രത്യേക കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. പ്രതികളെല്ലാവരും ഇപ്പോള്‍ ജാമ്യത്തില്‍ പുറത്താണ്.
2009 ജനുവരി ഏഴിനാണ് കുപ്രസിദ്ധമായ സത്യം തട്ടിപ്പ്കേസ് പുറത്ത് വന്നത്. സത്യം കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ ബി. രാമലിംഗ രാജു കമ്പനിയുടെ അക്കൗണ്ട് ബുക്കില്‍ കൃത്രിമം നടത്തി ലാഭക്കണക്കില്‍ കോടികളുടെ ക്രമക്കേടു കാണിച്ചുവെന്നാണ് കേസ്. ഭാരതം കണ്ട ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യമാണ് സത്യം കമ്പ്യൂട്ടേഴ് തട്ടിപ്പ് കേസ്. പ്രതികള്‍ക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കള്ളക്കണക്കു ചമയ്ക്കല്‍, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്.
രാജുവിന്റെ സഹോദരനും സത്യം കമ്പ്യൂട്ടേഴ്സിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ബി.രാമരാജു, മുന്‍ സിഇഒ വദ്ലമണി ശ്രീനിവാസ്, മുന്‍ ഓഡിറ്റര്‍മാരായ സുബ്രമണി ഗോപാലകൃഷ്ണന്, ടി.ശ്രീനിവാസ്, രാജുവിന്റെ മറ്റൊരു സഹോദരന് ബി.സൂര്യനാരായണ രാജു, മുന്‍ ജീവനക്കാരായ ജി.രാമകൃഷ്ണ, ഡി.വെങ്കട്ട്പതി രാജു, ശ്രീശൈലം, കമ്പനിയുടെ മുന്‍ ചീഫ് ഓഡിറ്റര്‍ വി.എസ്.പ്രഭാകര്‍ ഗുപ്ത എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2009 ജനുവരി ഏഴിനാണ് സത്യം തട്ടിപ്പ് കേസ് പുറത്ത് വന്നത്. സിബിഐ അന്വേഷിച്ച കേസില്‍ 3000 രേഖകള്‍ പരിശോധിക്കുകയും 226 സാക്ഷികളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. കന്പനിയുടെ ആസ്തിയും ബാങ്ക് ബാലന്‍സും പെരുപ്പിച്ചു കാട്ടാനും ബാധ്യതകള്‍ കുറച്ചുകാണിക്കാനും ആയിരക്കണക്കിനു കോടി രൂപയുടെ വ്യാജരേഖകള്‍ ചമച്ച്, ഓഹരിയുടമകളെ കബളിപ്പിച്ചു പണം തട്ടിയെന്നതാണ് കേസ്.
പെരുപ്പിച്ചുകാട്ടിയ വരുമാനത്തിന്റെ പേരില്‍ ഓഹരികള്‍ ഉയര്‍ന്ന വിലയ്ക്കു വില്‍ക്കുകയും പണയപ്പെടുത്തുകയും ചെയ്യുകയായിരുന്നു രാജുവും സംഘവും. ഓഹരിയുടമകള്‍ക്ക് 14,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു സിബിഐയുടെ കണ്ടെത്തല്‍. 2009 ഏപ്രിലില്‍ സത്യം കമ്പ്യൂട്ടേഴ്സിനെ ടെക് മഹീന്ദ്ര ഏറ്റെടുത്തു. സത്യത്തിലെ കുടുംബ ഓഹരി വിറ്റ് രാജു 2500 കോടി രൂപ നേടിയെന്നും സിബിഐ കുറ്റപത്രത്തിലുണ്ട്.
കമ്പനിക്കും കമ്പനിയുടെ ഓഹരികളില്‍ പണമിറക്കിയ നിക്ഷേപകര്‍ക്കും വന്‍ നഷ്ടമുണ്ടാക്കി, വ്യക്തിഗത പണസമ്പാദനത്തിനായി നടത്തിയ വൈറ്റ് കോളര്‍ സാമ്പത്തിക തട്ടിപ്പെന്നാണ് സത്യം കമ്പ്യൂട്ടേഴ്സ് തട്ടിപ്പിനെ സെബി വിലയിരുത്തിയത്. 66 രാജ്യങ്ങളീല്‍ സാന്നിധ്യമുണ്ടായിരുന്ന സത്യം കമ്പ്യൂട്ടേഴ്സില്‍ അര ലക്ഷത്തിലേറെ ജീവനക്കാരാണ് ഉണ്ടായിരുന്നത്. തട്ടിപ്പിന്റെ കഥകള്‍ ഒന്നൊന്നായി പുറത്ത് വന്നതോടെ കമ്പനിയുടെ ഓഹരി വില 40 രൂപയിലേക്ക് താഴ്ന്നു. തുടര്‍ന്ന്, 2009 ജനുവരിയില്‍ രാമലിംഗരാജുവും രാമരാജുവും രാജിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: