പനാജി: ഫാബ്ഇന്ത്യയുടെ വസ്ത്ര വില്‍പ്പനശാലയിലെ ഡ്രസ് മാറുന്നതിനുള്ള മുറിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാകത്തില്‍ ഒളിക്യാമറ സ്ഥാപിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ ഉത്തരവിട്ടു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഗോവയിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് തുണിക്കടയിലെ ഒളിക്യാമറയുടെ വിവരം പുറംലോകത്തെ അറിയിച്ചത്.
ഗോവയിലെ ബീച്ച് ടൂറിസവുമായി ചേര്‍ന്നു നില്‍ക്കുന്ന സമാന സ്ഥാപനങ്ങളുടെ സംശുദ്ധി സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശമേഖലയിലെ എല്ലാ വസ്ത്രശാലകളിലും പരിശോധനകള്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്. ഇതിലേക്കായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം തീരദേശത്തെ എല്ലാ പോലീസ് മേധാവിമാര്‍ക്കും നല്‍കിയിട്ടുണ്ട്. അതിനിടെ, സംഭവത്തിന്റെ പേരില്‍ അറസ്റ്റിലായ നാലു ഫാബ്ഇന്ത്യ ജീവനക്കാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. തുണിക്കടയിലെ വനിതാ സ്റ്റോര്‍ മാനേജരെ ഇതുവരെ പിടികൂടാനായിട്ടില്ല. ഫാബ്ഇന്ത്യ എംഡി വില്യം ബിസെല്‍ ഉള്‍പ്പെടെ നാലു ഉന്നത ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് ചോദ്യംചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
പനാജിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാറിയുള്ള കാന്‍ഡൊലിം ഗ്രാമത്തിലെ കടയില്‍ വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് സ്മൃതി ഇറാനി വസ്ത്രം വാങ്ങാന്‍ ചെന്നത്. വസ്ത്രം മാറുന്ന റൂമിനെ ലക്ഷ്യമിട്ട് ക്യാമറവച്ചിരിക്കുന്നത് കണ്ടെത്തിയ അവര്‍ ബിജെപി എംഎല്‍എ മൈക്കല്‍ ലോബോയെ ഉടന്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ലോബോയെ ഒപ്പം കൂട്ടിയ സ്മൃതി പോലീസില്‍ പരാതിയും നല്‍കി.
















