ന്യൂദല്‍ഹി: അവധി ദിവസങ്ങളില്‍ ജഡ്ജിമാരുടെ സമ്മേളനം നടത്തുന്നതിനെതിരെ സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ജഡ്ജിമാര്‍ക്കായി പ്രധാനമന്ത്രി ശനിയാഴ്ച ഒരുക്കിയിട്ടുള്ള വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും കുര്യന്‍ ജോസഫ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദുഃഖവെള്ളിയാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം വിളിച്ച പശ്ചാത്തലത്തിലാണ് കത്ത്. സമ്മേളനം നടത്തരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തുവിന് കത്ത് നല്‍കിയിരുന്നെങ്കിലും അദ്ദേഹം അത് നിരാകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിയുമായി കുര്യന്‍ ജോസഫ് പ്രധാനമന്ത്രിയെ സമീപിച്ചത്.
മതപരമായ പ്രാധാന്യമുള്ള ദിവസങ്ങളില്‍ പ്രധാനപ്പെട്ട പരിപാടികള്‍ ഒന്നും നടത്തുന്നത് ഉചിതമല്ലെന്ന് കുര്യന്‍ ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടി. മതനിരപേക്ഷത തകര്‍ക്കുന്ന പ്രവണതകള്‍ ഉണ്ടാകുന്ന സാഹചര്യമുണ്ടാകും. ജഡ്ജിമാരുടെ സമ്മേളനം മാറ്റി വയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നത് ഈ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന് അറിയാം.
എന്നാല്‍, ഇന്ത്യയുടെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കേണ്ട ചുമതല പ്രധാനമന്ത്രിക്കും സര്‍ക്കാരിനും ഉണ്ടെന്നിരിക്കെ മതപരമായി പ്രധാന്യമുള്ള ദിവസങ്ങളില്‍ ഇത്തരം പരിപാടികള്‍ നടത്തരുതെന്നും കുര്യന്‍ കത്തില്‍ അഭ്യര്‍ത്ഥിച്ചു. ഈ പ്രശ്‌നങ്ങള്‍ മനസില്‍ വച്ചു കൊണ്ടുവേണം ഭാവിയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
മതനിരപേക്ഷതയുടെ സംരക്ഷകനെന്നാണ് കത്തില്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചിട്ടുള്ളത്. മതനിരപേക്ഷമായിരിക്കുന്നതില്‍ രാജ്യത്തിനാകെയുള്ള സന്തോഷം എടുത്തുപറയുന്നതിനൊപ്പം, വിവിധ മതങ്ങളുടെ പുണ്യദിനങ്ങള്‍ ആചരിക്കാനുള്ള അവസരം നിഷേധിക്കപ്പെടരുതെന്നും വ്യക്തമാക്കി.
ദീപാവലി, ദസറ, ഹോളി, ബക്രീദ് തുടങ്ങിയവ അവധി ദിവസങ്ങളാണെങ്കിലും പ്രധാന പരിപാടികള്‍ അത്തരം ദിവസങ്ങളില്‍ സംഘടിപ്പിക്കാറില്ലെന്ന് ചീഫ് ജസ്റ്റിസിനുള്ള കത്തില്‍ ചൂണ്ടിക്കാട്ടി. അവധിക്കാലത്തുപോലും അത്തരം ദിവസങ്ങള്‍ക്ക് പ്രത്യേക അവധി പ്രഖ്യാപിക്കാറുണ്ട്. കാരണം, അവ പുണ്യദിനങ്ങളാണ്. വര്‍ഗീയമായ നിലപാടെടുക്കുകയാണെന്നു കരുതരുത്.
മതനിരപേക്ഷ മൂല്യങ്ങളും മതനിരപേക്ഷ പ്രതിച്ഛായയും സംരക്ഷിക്കാന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള നമ്മുടെ സ്ഥാപനം പോലെയുള്ളവ, ഉത്തരവാദിത്തത്തില്‍നിന്നു മെല്ലെ വഴുതിമാറുന്നതിനാലാണ് തന്റെ ആശങ്കകള്‍ എഴുതിയറിയിക്കുന്നത്.
പുണ്യദിനങ്ങളിലും ദേശീയ അവധിദിവസങ്ങളിലും സമ്മേളനം നടത്തുന്നത് മറ്റു ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും അവ എല്ലാ പുണ്യദിനങ്ങള്‍ക്കും തുല്യമായ പ്രാധാന്യവും ആദരവും നല്‍കാതിരിക്കുന്ന സ്ഥിതി വരാമെന്നും കത്തില്‍ പറയുന്നു.
















