ആലപ്പുഴ: പരീക്ഷയുടെയും പഠനത്തിന്റെയും ഭാരം ഇറക്കിവച്ച് ആര്‍ത്തുല്ലസിക്കാന്‍ വീണ്ടുമൊരു മദ്ധ്യവേനല്‍ അവധിക്കാലം കൂടി വിരുന്നിനെത്തി. ഇനിയുള്ള രണ്ടുമാസക്കാലം കളിചിരിയും ആട്ടവും പാട്ടുമൊക്കെയായി കുട്ടികള്‍ അരങ്ങുവാഴും. പക്ഷെ ബഹുഭൂരിപക്ഷം കുരുന്നുകളെയും കാത്തിരിക്കുന്നത് അവധിക്കാല കലാപരിശീലന ക്ലാസുകളാണ്.
വന്‍ ഫീസുകളീടാക്കി അവധിക്കാലം ആഘോഷമാക്കുന്നത് പലപ്പോഴും ഇത്തരത്തിലുള്ള ക്ലാസുകളുടെ സംഘാടകരാണ്. മദ്ധ്യവേനല്‍ അവധി തുടങ്ങുന്നതോടെ കുട്ടികളെ ലക്ഷ്യമാക്കി വിവിധ സ്ഥാപനങ്ങളും സംഘടനകളും പരിപാടികള്‍ തയാറാക്കി കഴിഞ്ഞു. അവധിക്കാല ക്യാമ്പുകള്‍ ഒരുക്കിയാണ് കുട്ടികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടും.
കുട്ടികള്‍ക്കു അവരുടെ അഭിരുചിക്കനുസരിച്ചുള്ള വിഭവങ്ങളാണ് ക്യാമ്പുകളില്‍ ഒരുക്കിയിരിക്കുന്നത്. കലാപഠനം, സാഹിത്യം, അഭിനയം, വ്യക്തിത്വവികസനം, യോഗ തുടങ്ങി വിവിധ വിഷയങ്ങളിലാണ് ക്യാമ്പുകള്‍.ചില സംഘടനകള്‍ സൗജന്യമായി ക്യാമ്പുകള്‍ ഒരുക്കുമ്പോള്‍, ചിലത് ഫീസ് മുഖേനയാണ് ക്യാമ്പുകളിലേയ്ക്കു കുട്ടികളെ ക്ഷണിക്കുന്നത്. ക്യാമ്പുകളില്‍ കുട്ടികളെ പങ്കെടുപ്പിച്ചു വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം അവധിക്കാലം ഉല്ലാസയാത്രക്കും മറ്റുമായി മാറ്റിവച്ചിരിക്കുന്നവരും കുറവല്ല.
അവധിക്കാലം മുന്നില്‍കണ്ടു ടൂറിസം മേഖലയില്‍ പ്രത്യേക ടൂര്‍ പാക്കേജുകള്‍വരെ തയാറാക്കിയിട്ടുണ്ട്. അവധിക്കാലം തുടങ്ങുന്നതോടെ നാടും നഗരവും കുട്ടികളുടെ ആഘോഷങ്ങളാല്‍ മുഖരിതമാകും. രണ്ടുമാസക്കാലം സ്വതന്ത്രരായി പറക്കാനുള്ള തയാറെടുപ്പിലാണ് കുരുന്നുകള്‍. പലരും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതും വേനലവധി കാലയളവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: