ആലപ്പുഴ: എടത്വ തായങ്കരിയില്‍ സിപിഎം നേതാവ് നിലം നികത്തി സ്ഥാപിച്ച ഇഷ്ടിക ഫാക്ടറി പ്രവര്‍ത്തിച്ചത് പഞ്ചായത്തിന്റെ ലൈസന്‍സ് പോലുമില്ലാതെ. എടത്വ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എടത്വ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡില്‍ 90 സെന്റോളം നിലം നികത്തിയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി പാട്ടത്തില്‍ വര്‍ഗീസ് ആന്റണി ഇഷ്ടിക ഫാക്ടറി നിര്‍മ്മിച്ചത്.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നിലം നികത്തിയാണ് ഫാക്ടറി നിര്‍മ്മിച്ചതെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇതിനിടെയാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമപരമായി യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഇഷ്ടി ക ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്ന വിവരം പുറത്തുവരുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനം തന്നെ ലൈസന്‍സ് റദ്ദാക്കി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വര്‍ഗീസ് ആന്റണിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും ഇഷ്ടിക ഫാക്ടറി നിര്‍ബാധം പ്രവര്‍ത്തിച്ചത് ഭരണതണലിലാണെന്ന് വ്യക്തമായിരിക്കുകയാണ്. സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്. ലൈസന്‍സ് റദ്ദ് ചെയ്തെങ്കിലും ഇതിന്റെ പകര്‍പ്പ് ചമ്പക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലേക്ക് നല്‍കാതെ പഞ്ചായത്ത് അധികാരികള്‍ വര്‍ഗീസ് ആന്റണിയെ പരോക്ഷമായി സഹായിക്കുകയും ചെയ്തു.
നിലം നികത്തലിനെതിരെ ഒരുഭാഗത്ത് സിപിഎം നേതാക്കള്‍ സമ്മേളനങ്ങള്‍ നടത്തുകയും പ്രസ്താവനകള്‍ ഇറക്കുമ്പോഴുമാണ് മറുഭാഗത്ത് സിപിഎം നേതാക്കള്‍ നിയമം ലംഘിച്ച് വ്യാപകമായി നിലം നികത്തുന്നത്. വര്‍ഗീസ് ആന്റണിയുടെ നിലം നികത്തലിനെതിരെ സിപിഎം ലോക്കല്‍ കോണ്‍ഫറന്‍സില്‍ വരെ ആക്ഷേപമുയര്‍ന്നിരുന്നെങ്കിലും ഒരുവിഭാഗം നേതാക്കള്‍ സംരക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: