ആലപ്പുഴ: നിയമസഭയില്‍ എംഎല്‍എമാരുടെ തമ്മിലടിയോട് മത്സരിച്ച് ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷ-ഭരണ കൗണ്‍സിലര്‍മാര്‍ ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ ബഹളമുണ്ടാക്കാന്‍ മത്സരിച്ചു. ബജറ്റ് അവതരണത്തിനെത്തിയ നഗരസഭാ ഉപാദ്ധ്യക്ഷന്‍ ബി. അന്‍സാരിയെ സംസാരിക്കാന്‍ അനുവദിക്കാതെ ബഹളമുണ്ടാക്കുകയും മൈക്ക് വലിച്ചെറിയുകയും ചെയ്തു.
സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരുടെയും ചാനല്‍ ക്യാമറാമാന്മാരുടെ മുന്നിലും ‘ഷോ’ കാണിക്കാന്‍ ഇരുവിഭാഗവും മത്സരിക്കുകയായിരുന്നു. ബജറ്റ് അവതരിപ്പിക്കാന്‍ വൈസ് ചെയര്മാന് തയാറായപ്പോള്‍ ബജറ്റ് അവതരണം നിയമാനുസൃതമല്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് തോമസ് ജോസഫ് രംഗത്തെത്തി. കഴിഞ്ഞ ആറുമാസത്തെ മാസാന്ത്യ കണക്കുകള്‍ ധനകാര്യ സ്റ്റാ. കമ്മറ്റി അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ബജറ്റ് അവതരണത്തിന് നിയമസാധുത ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ ബജറ്റ് അവതരണം അടുത്ത ദിവസത്തേക്ക് മാറ്റണമെന്നും മാസാന്ത്യ കണക്കുകള്‍ കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം തേടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ബജറ്റ് അവതരണം മാറ്റിവയ്ക്കാന്‍ കഴിയില്ലെന്ന് ഭരണപക്ഷം വാശിപിടിച്ചു. ആറുമാസത്തെ കണക്കുകള്‍ ഒന്നിച്ച് അവതരിപ്പിച്ചാല്‍ മതിയെന്ന് നഗരസഭാ സെക്രട്ടറി വാദിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് ഐ വിഭാഗം, മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ സംഘടിച്ച് ചെയര്‍പേഴ്സന്റെ ഡയസിന് മുന്നിലെത്തി ബഹളം വച്ചു.
ഇതിനിടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഒ.കെ. ഷെഫീഖ് മൈക്ക് വലിച്ചെറിയുകയും ചെയ്തു. ഏറെനേരത്തെ ബഹളത്തിനൊടുവിലാണ് ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞത്. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് ബജറ്റ് അവതരണം നടന്നത്.
എന്നാല്‍ കോണ്‍ഗ്രസ് എ വിഭാഗത്തിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ ഇക്കാര്യങ്ങളോടൊന്നും പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസത്തെ കൗണ്‍സിലില്‍ ചര്‍ച്ച കൂടാതെ പുന്നമടയിലെ റമദ ഹോട്ടലിന് ബാര്‍ ലൈസന്‍സിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് മൂന്ന് കൗണ്‍സിലര്‍മാരും വായ് മൂടിക്കെട്ടി പ്ലക്കാര്‍ഡുമായാണ് യോഗത്തിനെത്തിയത്. ഇവര്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പും ലീഗും നടത്തിയ കാട്ടിക്കൂട്ടലുകളുമായി സഹകരിക്കാന്‍ തയാറായില്ല.
ബജറ്റ് അവതരണത്തിന് ശേഷം ഇരുവിഭാഗവും മുദ്രാവാക്യം വിളികളോടെയാണ് നഗരസഭാ ഓഫീസിന് പുറത്തിറങ്ങിയത്. ഇതിനിടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആര്. ബേബിയെ നഗരസഭയില്‍ എത്തിയ രണ്ടുപേര്‍ കൈയേറ്റം ചെയ്തതായും പരാതിയുയര്‍ന്നു. പ്രതിപക്ഷത്തെ അനൈക്യം വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ നടന്ന സംഭവ വികാസങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: