ആലപ്പുഴ: വരും വര്‍ഷത്തില്‍ ആലപ്പുഴ നഗരസഭയ്ക്ക് 89,94,51,638 രൂപ വരവും 84,66,93,863 രൂപ ചെലവും വരുന്ന ബജറ്റ് ഉപാദ്ധ്യക്ഷന്‍ ബി. അന്‍സാരി അവതരിപ്പിച്ചു. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്കി നഗരസഭാ അതിര്‍ത്തിയിലെ 13 പാടശേഖരങ്ങളിലെ നെല്‍ കര്‍ഷകരെ സഹായിക്കുന്നതിനായി രണ്ടാംവിള പുഞ്ചകൃഷി എന്നിവയ്ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പ്രത്യേക ഫണ്ടനുവദിക്കും.
തരിശുനിലം കൃഷിക്ക് അനുയോജ്യമാക്കി മാറ്റും. ജൈവ പച്ചക്കറിയും മട്ടുപ്പാവ് കൃഷിയും വ്യാപകമാക്കും. സര്‍ക്കാര്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി ആരംഭിക്കും. നഗരത്തിലെ സ്ഥിരം താമസക്കാരായ അര്‍ഹതയുള്ള മുഴുവന്‍ ഭിന്നശേഷിയുള്ളവര്‍ക്കും യാത്ര ചെയ്യാന്‍ സൈഡ് വീലോടു കൂടിയ മോട്ടോറൈസ്ഡ് സ്കൂട്ടര്‍ അനുവദിക്കും. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഘര്‍ ആവാസ് യോജനയില്‍പ്പെടുത്തി 520 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിനും സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് വീട് വയ്ക്കുന്നവര്‍ക്ക് ബാങ്കുകള്‍ മുഖേന സഹായം നല്‍കും.
വാംബേ പദ്ധതിയില്‍ വീടു പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കും. കയര്‍, കര്‍ഷക, മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ പ്രൊഫഷണല്‍ പഠനം നടത്തുന്നവര്‍ക്ക് ലാപ്ടോപ് നല്‍കും. എല്ലാ വാര്‍ഡുകളിലും എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് ആരംഭിക്കും. നഗരത്തിലെ തെക്കും വടക്കും പ്രദേശങ്ങളില്‍ നഗരസഭ സോണല്‍ ഓഫീസ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: