കൊളംബോ: സുഹൃത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഇളയ സഹോദരന്‍ പ്രിയന്താ സിരിസേന മരിച്ചു. ഇന്നു രാവിലെ കൊളംബോയിലെ ആശുപത്രിയിലായിരുന്നു മരണം.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. പ്രിയന്തയുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കൈയിലിരുന്ന കോടാലി ഉപയോഗിച്ച് സുഹൃത്താണ് ആക്രമണം നടത്തിയത്. കൊളംബോയില്‍ നിന്നും 215 കിലോമീറ്റര്‍ അകലെ പൊളോന്നരുവയിലായിരുന്നു സംഭവം. തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ പ്രിയന്തയെ ആദ്യം പൊളോന്നരുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട്, വിമാനമാര്‍ഗം കൊളംബോയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അക്രമിയെ അന്നുരാത്രി തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ കോടതി ഏപ്രില്‍ എട്ടു വരെ റിമാന്‍ഡ് ചെയ്തു. പ്രസിഡന്റിന്റെ സഹോദരന്‍ മരിച്ച വിവരം പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര സ്ഥിരീകരിച്ചു. ചൈനയില്‍ സന്ദര്‍ശനം നടത്തിവരികയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന.
















