കാഞ്ഞിരപ്പള്ളി: സിവില്‍ സ്റ്റേഷനില്‍ വൈദ്യുതി പോയാല്‍ പകരത്തിനായി സ്ഥാപിച്ച ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുന്നു. അറ്റകുറ്റ പണികള്‍ക്കുള്ള ഫണ്ട് ഇല്ലാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇതുമൂലം സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ അനാഥമായി കിടക്കുകയാണ് ലക്ഷങ്ങള്‍ വിലയുള്ള ജനറേറ്റര്‍.
ജനറേറ്റര്‍ പ്രവര്‍ത്തന രഹിതമായതോടെ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തില്‍ ഓഫീസുകളിലെ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങളും ചൂടില്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്. വൈദ്യുതി ഇല്ലാത്തപ്പോള്‍ സിവില്‍ സ്റ്റേഷനുള്ളിലെ ലിഫ്റ്റും പ്രവര്‍ത്തനരഹിതമാകുന്നതോടെ മുകള്‍ നിലകളിലെ ഓഫീസുകളില്‍ എത്തേണ്ടവര്‍ക്ക് ചവിട്ടുപടികള്‍ തന്നെ ആശ്രയം. പ്രായാധിക്യമുള്ളവരും മറ്റ് അവശത അനുഭവിക്കുന്നവരും ഏറെ കഷ്ടപ്പെട്ടാണ് മുകള്‍ നിലകളിലെ ഡി.വൈ.എസ്.പി ഓഫീസ്, താലൂക്ക് ഓഫീസ് തുടങ്ങിയ പ്രധാന സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ എത്തുന്നത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡി.വൈ.എസ്.പി ഓഫീസ് ഉള്‍പ്പെടെയുള്ള സിവില്‍ സ്റ്റേഷനുകളിലെ ഓഫീസുകളില്‍ രാത്രി കാലങ്ങളില്‍ വൈദ്യുതി മുടങ്ങിയാല്‍ മെഴുകുതിരി വെളിച്ചം മാത്രമാണ് രക്ഷ. ലൈന്‍ അറ്റകുറ്റ പണികളുടെ പേരില്‍ ദിവസം മുഴുവന്‍ വൈദ്യുതി മുടക്കം ഉണ്ടാകുന്ന വേളകളില്‍ അവശേഷിക്കുന്ന ബാറ്ററി ചാര്‍ജും തീരുന്നതോടെ മിക്ക ഓഫീസുകളിലും കംപ്യൂട്ടറുകളും പണി മുടക്കുന്നത് ഓഫീസുകളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. വൈദ്യുതി മുടക്കം സ്ഥിരം സംഭവമാകുന്നതോടെ പമ്പിങ്ങ് നിലക്കുന്നതിനാല്‍ സിവില്‍ സ്റ്റേഷനിലെ പൈപ്പുകളില്‍ ജലവും കിട്ടാതാകും.
വൈദ്യുതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ജനറേറ്റര്‍ അറ്റകുറ്റ പണികള്‍ നടത്തി പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ഓഫീസില്‍ നിന്നും പലതവണ ഫയല്‍ അയച്ചെങ്കിലും മറുപടി മാത്രമില്ല. ജനറേറ്റര്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് അടിയന്തിരമായി തുക അനുവദിക്കേണ്ടതിന്റെ ആവശ്യകത ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: