ഹരിപ്പാട്: പാപ്പാനെ കൊന്നതിനെ തുടര്‍ന്ന് കരുവാറ്റ തിരുവിലഞ്ഞാല്‍ ദേവീക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ തളച്ചിരുന്ന ആന വീണ്ടും ഇടഞ്ഞു. ദേവസ്വം ഓഫീസിന് നാശനഷ്ടം വരുത്തി. രണ്ട് തവണ മയക്കുവെടി വച്ചതിനു ശേഷമാണ് ആനയെ തളച്ചത്. കോട്ടയം ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ തിരുനീലകണ്ഠന് എന്ന ആനയാണ് വീണ്ടും ഇടഞ്ഞത്.
ക്ഷേത്ര വളപ്പില്‍ തളച്ചിരുന്ന ആനയുടെ പിന്കാലിലെ ചങ്ങല ദുര്‍ബലമായതിനെ തുടര്‍ന്ന് ഇന്നലെ പാപ്പാന്മാര് സുരക്ഷിതമായി തളയ്ക്കുവാനുള്ള ശ്രമം നടത്തി. ഈ ശ്രമങ്ങള്‍ പരാജയപ്പെടുകയും ആന ഇടയുകയും ചെയ്തു. ഇതോടെയാണ് മയക്കുവെടി വെയ്ക്കേണ്ടിവന്നത്. കോട്ടയത്തു നിന്നെത്തിയ ഡോ.ശശീന്ദ്രദേവ് വൈകിട്ട് അഞ്ചിന് ആദ്യ വെടിവച്ചു. ഇതില്‍ പ്രകോപിതനായ ആന മുന്കാലില് വൃക്ഷവുമായി ബന്ധിപ്പിച്ചിരുന്ന ചങ്ങല പൊട്ടിച്ച ശേഷം ദേവസ്വം ഓഫീസ് കെട്ടിടത്തിന്റെ തെക്കു ഭാഗത്തെ ഷെഡ് തകര്‍ത്തു.
ഇതിന് ശേഷവും മയങ്ങാതെ നിന്ന ആനയെ ഒരു മണിക്കൂറിന് ശേഷം വീണ്ടും വെടിവച്ചു. ഇതോടെ ആന കൂടുതല്‍ ആക്രമകാരിയായി ദേവസ്വം ഓഫീസിനു നേര്‍ക്ക് അക്രമം നടത്തി. അരമണിക്കൂറിനു ശേഷം മയങ്ങിയ ആനയെ പാപ്പാന്മാര് വടവും ചങ്ങലയും ഉപയോഗിച്ച് തളച്ചു. ഇതിനിടെ ആന ക്ഷേത്രത്തിനു നേര്‍ക്ക് അക്രമം നടത്തിയെന്ന വ്യാജ പ്രചരണം പരന്നതോടെ പരിസര പ്രദേശങ്ങളില്‍ നിന്നും ആള്ക്കാര് ക്ഷേത്ര പരിസരത്തേക്ക് എത്തി. ക്ഷേത്രത്തിലെ എട്ടാം ഉത്സവദിവസമാണ് പാപ്പാന് കരുവാറ്റ ആഞ്ഞിലിവേലി പടീറ്റതില്‍ ഉണ്ണിക്കൃഷ്ണന്നായരെ ആന കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: