പാലാ: ഹര്‍ത്താലുകള്‍ ജനങ്ങളുടെ കര്‍മ്മശേഷിയെ നശിപ്പിക്കുമെന്ന് ഡോ. ടി.വി. മുരളീവല്ലഭന്‍. പ്രാദേശികമായി തീരേണ്ടതും നിയമപരമായി പരിഹരിക്കേണ്ടതുമായ വിഷയങ്ങള്‍ സംഘടിത ശക്തിയുടെ പിന്‍ബലത്തില്‍ ഭരണഘടനാദത്തമായ പൗരാവകാശങ്ങളിലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഹര്‍ത്താലോ എന്ന വിഷയത്തില്‍ പൗരാവകാശ സമിതി സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുഖലോലുപരുടെ അസഹിഷ്ണുതയാണ് ഹര്‍ത്താലുകള്‍ക്കെതിരെ ചിന്തിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എന്‍.കെ. നാരായണന് നമ്പൂതിരി പറഞ്ഞു. ഭൂരിപക്ഷം ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ അവഗണിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിഷേധമാണ് ഹര്‍ത്താലുകളെന്ന് സിപിഎം പ്രതിനിധി അഡ്വ. വി.ജി. വേണുഗോപാലും സാമൂഹിക മാറ്റങ്ങള്‍ക്കനുസരിച്ച് സമരങ്ങളില്‍ മാറ്റം ആവശ്യമാണെന്ന് കോണ്‍ഗ്രസ് പ്രതിനിധി എ.കെ. ചന്ദ്രമോഹനനും ചെറിയ നഷ്ടങ്ങള്‍ ഉണ്ടായെങ്കിലേ വലിയ നേട്ടങ്ങള്‍ ഉണ്ടാകൂവെന്ന് കേരളാ കോണ്‍ഗ്രസ് പ്രതിനിധി അഡ്വ. ജോബി കുറ്റിക്കാട്ടും പ്രതികരിച്ചു.
ഹര്‍ത്താലുകള്‍ ഗുണഭോക്താക്കളുടെ ചെലവിലാകണമെന്ന് സാംസ്കാരിക പ്രവര്ത്തകന് രവി പാലാ അഭിപ്രായപ്പെട്ടു. അഡ്വ . സിറിയക് ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ജോയി കളരിക്കല്‍, ചാക്കോ സി. പൊരിയത്ത്, ഡോ. സെബാസ്റ്റ്യന്‍ ലൂക്കോസ്, ടി.കെ. ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: