ആലപ്പുഴ: ജില്ലയില്‍ ക്ഷയരോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയം കാണുന്നു. ക്ഷയരോഗികളുടെ എണ്ണത്തില്‍ കുറവ് കണ്ടുതുടങ്ങി. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 1,614 ടിബി രോഗികലാണ് ചികിത്സ തേടിയെത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2013ല്‍ ക്ഷയരോഗികളുടെ എണ്ണം 1,758 ആയിരുന്നു.
രാജ്യത്ത് ഓരോ മിനിട്ടിലും രണ്ടുപേരാണ് ക്ഷയരോഗം മൂലം മരിക്കുന്നത്. പ്രതിദിന മരണ നിരക്ക് ആയിരമാണ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജില്ലയിലെ അവസ്ഥ വളരെയേറെ മെച്ചമാണ്. ജില്ലയിലെ ക്ഷയരോഗികളില്‍ കൂടുതലാളുകളും കഫത്തില്‍ അണുബാധയുള്ളവരാണ്. ആകെ രോഗബാധിതരില്‍ അഞ്ചു ശതമാനമാണ് മരണനിരക്ക്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ളത് അരൂരും മാന്നാറിലുമാണെന്ന്. ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ. പി. വേണുഗോപാലും ജില്ലാ ടിബി ഓഫീസര്‍ ഡോ. അനി വര്‍ഗീസും പറഞ്ഞു.
15 മുതല്‍ 45 വയസ് വരെ പ്രായമുള്ളവരിലാണ് ക്ഷയരോഗ ബാധ കൂടുതലായും കാണുന്നത്. രോഗം കൃത്യമായി മരുന്ന് കഴിച്ചാല്‍ വേഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും. മാന്നാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ മരുന്നുകളോട് പ്രതികരിക്കാത്ത രോഗികളുമുണ്ട്. ആറുമാസം നീണ്ടുനില്‍ക്കുന്ന ചികിത്സയിലൂടെ ക്ഷയരോഗിയെ പൂര്‍ണമായും രോഗവിമുക്തനാക്കാന്‍ കഴിയും. ജില്ലയിലെ 25 സര്‍ക്കാര്‍ ആശുത്രികളിലും നാല് സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. ക്ഷയരോഗ ബാധിതര്‍ക്ക് 1,000 രൂപ പെന്‍ഷനായും മരുന്ന് എത്തിക്കുന്നവര്‍ക്ക് ഒരു രോഗിക്ക് 1,000 രൂപ വീതവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
ക്ഷയരോഗികളില്‍ 40 ശതമാനം പ്രമേഹരോഗ ബാധിതരാണ്. വര്‍ദ്ധിക്കുന്ന പ്രമേഹ രോഗികളുടെ നിരക്ക് ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി മാറി. മദ്യപാനവും രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നു. പുകയില ഉപയോഗവും ഏറെ പ്രശ്നം സൃഷ്ടിക്കുന്നു. ഇടയ്ക്ക് വച്ച് ക്ഷയരോഗ ചികിത്സ മുടക്കുന്നത് മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ക്ഷയരോഗത്തിന് കാരണമാകും. ആന്റി ബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം, സ്വയം ചികിത്സ എന്നിവ മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ക്ഷയരോഗത്തിന് കാരണമാകുന്നു. ‘കണ്ടെത്തൂ ചികിത്സിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ ലോകക്ഷയരോഗ ദിനാചരണത്തിലെ മുദ്രാവാക്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: