പൊന്‍കുന്നം: മത്സര ഓട്ടം നടത്തി അതേ വേഗത്തില്‍ കവാടത്തിലൂടെ പാഞ്ഞുകയറുന്ന ബസുകള്‍, തിരക്കിട്ട് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന കാഴ്ച. യാത്രക്കാര്‍ കയറും മുമ്പേ ഡബിള്‍ ബെല്‍ വീഴും. ബസ് തിരിച്ച് സ്റ്റാന്‍ഡില്‍ നിന്ന് ഓടിയിറങ്ങുന്നതും അമിത വേഗത്തില്‍ത്തന്നെ. ഇത് പൊന്‍കുന്നം സ്റ്റാന്‍ഡിലെ ദൈനംദിന കാഴ്ച.
സ്റ്റാന്‍ഡിനുള്ളില്‍ 20 കിലോമീറ്റര്‍ വേഗമാണ് അനുവദനീയമെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടുന്നില്ല. ഇതിനിടെ യാത്രക്കാരും വിദ്യാര്‍ഥികളും ബസില്‍ കയറാനുള്ള നെട്ടോട്ടം കൂടിയാകുമ്പോള്‍ ദുരന്തം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. കഴിഞ്ഞ ദിവസം റിട്ട.അധ്യാപിക ആനിക്കാട് വണ്ടാനത്ത് അന്നമ്മ സ്കറിയ(57)യുടെ കാലിലൂടെ ബസ് കയറിയിറങ്ങി ഇടതുകാല് നഷ്ടപ്പെട്ട സംഭവമുണ്ടായിട്ടും അധികാരികളുടെ ശ്രദ്ധ ഉണര്‍ന്നിട്ടില്ല.
സ്ഥലപരിമിതി ഏറെയുള്ള ബസ് സ്റ്റാന്‍ഡിനുള്ളില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ബസ് കയറി വരുന്ന വഴിയിലും ഇറങ്ങിപ്പോകുന്ന വഴിയിലുമാണ് കൂടുതലും അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളത്. ബസുകള്‍ക്ക് ആളെ കയറ്റിയിറക്കാന്‍ നിശ്ചിത ബസ്ബേയില്ല. ഒരു നിര ബസുകള്‍ കിടക്കുമ്പോള്‍ സമാന്തരമായി പിന്നീട് ബസുകള്‍ കയറ്റി നിര്‍ത്തും. ഇതിനിടയിലൂടെ സ്വന്തം ബസ് തേടി യാത്രക്കാര്‍ പരക്കംപാച്ചില്‍. വടക്കുഭാഗത്ത് പതിവായി പാര്‍ക്ക് ചെയ്യുന്ന പാലാ, പള്ളിക്കത്തോട്, മണിമല, ചങ്ങനാശ്ശേരി റൂട്ടുകളിലെ ബസില്‍ കയറാന്‍ യാത്രക്കാര്‍ സമാന്തരമായി പുറപ്പെടാനൊരുങ്ങി നില്ക്കുന്ന ബസുകള്ക്കിടയയിലൂടെയാണ്. അന്നമ്മ സ്കറിയയ്ക്ക് അപകടമുണ്ടായത് ഇങ്ങനെ കടന്നുപോയപ്പോഴാണ്. രാവിലെയും വൈകിട്ടും വിദ്യാര്‍ഥികള്‍ കൂടി സ്റ്റാന്‍ഡില്‍ നിറയുമ്പോള്‍ അപകടസാധ്യതയേറെയാണ്. ഈ നേരങ്ങളില്‍ ബസുകളുടെ മത്സരയോട്ടവും പതിവാണ്.
കോട്ടയം, മുണ്ടക്കയം, കുമളി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ വേഗത്തിലെത്തി കയറിയിറങ്ങി പോവുകയാണ് പതിവ്. ഇത്തരത്തില്‍ കയറിവരുന്ന ബസുകള്‍ തോന്നുംവിധം നിര്‍ത്തിയിടുന്നതിനാല്‍ ഗതാഗത കുരുക്കും പതിവാണ്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ ബസുകളുടെ വേഗം ക്രമപ്പെടുത്തുവാനും അപകടങ്ങള്‍ ഒഴിവാക്കുവാനും നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: