കാലടി: സംസ്കൃത പഠന പ്രചാരണത്തിന് പ്രാധാന്യം നല്‍കിയും ഭാരതീയ ക്ലാസിക്കല്‍ സംഗീത ഗുരുക്കന്മാര്ക്ക് പ്രണാമമര്‍പ്പിച്ചും സംസ്കൃത സര്‍വ്വകലാശാല ബജറ്റ് അവതരിപ്പിച്ചു. സംസ്കൃത പഠനം വ്യാപിപ്പിക്കുന്നതിനായി സംസ്കൃതായനം 2015, ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതരംഗത്തെ മഹാരഥ•ാരെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി എന്തരോ മഹാനുഭാവലു എന്നീ പദ്ധതികളാണ് ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സംസ്കൃതായനം 2015 പദ്ധതിയനുസരിച്ച് കേന്ദ്ര സഹായത്തോടെയും യൂണിവേഴ്സിറ്റി ഫണ്ട് വിനിയോഗിച്ചും സംസ്കൃത പഠനം കേരളത്തില്‍ വ്യാപിപ്പിക്കും. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതരംഗത്തെ ഗുരുക്കന്മാരുടെ വ്യക്തിജീവിതം, കലാജീവിതം എന്നിവ വിദ്യാര്‍ത്ഥികള്‍ക്കു പരിചയപ്പെടുത്തുകയും പഠനവിധേയമാക്കുകയും ചെയ്യുന്നതാണ് എന്തരോ മഹാനുഭാവലു സീരീസ്. ഇത്തരത്തില്‍ നവീനങ്ങളായ നിരവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് സംസ്കൃത സര്‍വ്വകലാശാലയുടെ ഇത്തവണത്തെ ബജറ്റ്.
വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിച്ച മാസ്സീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്സ് ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശവും ഇത്തവണത്തെ ബജറ്റിലുണ്ട്. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളുപയോഗിച്ച് സംസ്കൃത ഭാഷയെ ആഗോളതലത്തില്‍ എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കൂടാതെ മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്ട്സ് കോഴ്സ്, പിജി ഡിപ്ലോമ ഇന്‍ ജേര്‍ണലിസം, ഡിപ്ലോമ ഇന്‍ ആയുര്‍വ്വേദ തുടങ്ങിയ കോഴ്സുകള്‍ ആരംഭിക്കും. സര്‍വ്വകലാശലായില്‍ നവോത്ഥാന നായകരുടെ പേരില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പഠനകേന്ദ്രങ്ങളെ കൂടാതെ പ്രാചീന ഭാഷകളായ പ്രാകൃത്, പാലി എന്നിവയുടെ പഠനത്തിനായും സ്റ്റഡി സെന്റര്‍ ആരംഭിക്കുന്നു.
സര്‍വ്വകലാശാലയുടെ സമീപ പ്രദേശത്തെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങും. സര്‍വ്വകലാശാലയിലെ സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിംഗ്, ഗൈഡന്‍സ് എന്നിവയാണ് സ്റ്റുഡന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി ലക്ഷ്യമിടുന്നത്. പാലക്കാട് ചിറ്റൂരിലെ പഴയകാല സംസ്കൃത ലൈബ്രറി പോലെയുള്ളവ സംരക്ഷിക്കാന്‍ സര്‍വ്വകലാശാല നേതൃത്വം കൊടുക്കും. ഇതുവഴി അപൂര്‍വ്വങ്ങളായ പുസ്തകങ്ങളും രേഖകളും സംരക്ഷിക്കാന്‍ സാധിക്കും. വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഫിനാന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡോ. എഡ്വേര്‍ഡ് എടേഴത്താണ് ബജറ്റ് അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: