ഇന്ത്യന്‍ സ്വാതന്ത്ര്യസമരക്കാലത്ത് രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട മിക്കവരും തികഞ്ഞ ത്യാഗികളും ലളിതജീവിതം നയിക്കുന്നവരുമായിരുന്നു.
ഉയര്‍ന്ന പദവിയിലെത്തിയിട്ടും തങ്ങളുടെ എളിയ ജീവിതരീതി അവര്‍ കൈവെടിഞ്ഞില്ല. ഗുല്‍സാരിലാല്‍ നന്ദ, മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയവര്‍ ആ വിഭാഗത്തില്‍പ്പെടുന്നു.
പില്‍ക്കാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിപദം കൂടി അലങ്കരിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ സംബന്ധിക്കുന്ന ഒരു സംഭവം ഇവിടെ വിവരിക്കാം.
അന്ന് ശാസ്ത്രിജി ഉത്തരപ്രദേശ് ആഭ്യന്തര മന്ത്രിയായിരുന്നു. കൂറ്റന്‍ ബംഗ്ലാവുകള്‍ പലതും ഒഴിഞ്ഞുകിടന്നിരുന്നിട്ടും അവ ഉപയോഗപ്പെടുത്താന്‍ ഒരു പ്രയാസവും ഇല്ലാതിരുന്നിട്ടും അവ കൈക്കൊള്ളാതെ അദ്ദേഹം ചെറിയൊരു വീട്ടിലാണ് താമസിച്ചത്. ആര്‍ഭാടമോ ആഡംബരമോ പരിചാരകന്മാരോ ഉണ്ടായിരുന്നില്ല.
ഒരുദിവസം ശാസ്ത്രിജിയുടെ ഒരു സുഹൃത്ത് അദ്ദേഹത്തെ കാണുന്നതിനായി ലക്‌നൗവില്‍ വന്നു. അയാള്‍ ആദ്യം പരിചിതനായ ഒരു സുഹൃത്തിന്റെ വസതിയിലാണ് തങ്ങിയത്. അപ്പോള്‍ സമയം ഏതാണ്ട് സന്ധ്യ കഴിഞ്ഞ് ഏഴുമണിയായിരുന്നു. എപ്പോള്‍ ചെന്നാല്‍ ശാസ്ത്രിജിയെ കാണാന്‍ സാധിക്കുമെന്നറിയുന്നതിനായി അയാള്‍ അദ്ദേഹത്തിന്റെ വസതിയിലേക്കു ഫോണ്‍ ചെയ്തു. ഫോണ്‍ എടുത്തത് ശാസ്ത്രിജി തന്നെയായിരുന്നു. ”ഇന്നു രാത്രി ഒന്‍പതു മണിക്കു വന്നാല്‍ കാണാം.”
”എന്നാല്‍ ആ സമയത്ത് ഞാന്‍ എത്തിച്ചേരുന്നതാണ്”. അയാള്‍ പറഞ്ഞു.
അയാള്‍ ഫോണ്‍ താഴെ വെക്കുന്നതിനുമുമ്പ് ശാസ്ത്രിജി തുടര്‍ന്നുപറഞ്ഞു, ”ഞാന്‍ താങ്കളെ ഭക്ഷണത്തിനു ക്ഷണിക്കുന്നില്ല. കാരണം. ഞാന്‍ ഇന്നിവിടെ തനിച്ചാണ്.”
മന്ത്രിയായതിനുശേഷവും അദ്ദേഹത്തിന്റെ ഭക്ഷണം തയ്യാറാക്കുന്നത് ശ്രീമതി ലളിതാദേവി തന്നെ ആയിരിക്കുമെന്ന് ആ വാചകത്തില്‍ നിന്ന് സുഹൃത്ത് ഊഹിച്ചു.
സുഹൃത്ത് അത്താഴവും കഴിഞ്ഞ് ഒന്‍പതുമണിയോടുകൂടി ശാസ്ത്രിജി താമസിക്കുന്ന കെട്ടിടത്തിലെത്തി. സംഭാഷണത്തിനിടയില്‍ അയാള്‍ ചോദിച്ചു, ”ശാസ്ത്രിജി ഭക്ഷണത്തിന് ക്ഷണിക്കുന്നില്ലെന്ന് എന്നോടു പറഞ്ഞതെന്തുകൊണ്ടാണ്?”
”കാരണം രണ്ടുദിവസമായി പത്‌നി ഇവിടെയില്ല.”
”ഇപ്പോഴും ശ്രീമതി തന്നെയാണോ ഭക്ഷണം തയ്യാറാക്കുന്നത്?”
ശാസ്ത്രിജി പറഞ്ഞു: ”എന്റെ പത്‌നിക്ക് പുറമെ ജോലിയൊന്നുമില്ലെന്നറിയാമല്ലോ. സംതൃപ്തിയോടെ അവര്‍ വീട്ടിലെ പാചക വേലകളൊക്കെ ചെയ്യുന്നു.”
എന്തെങ്കിലും കാര്യത്തിന് ദൂരെയായിരിക്കുമ്പോള്‍ ആ ജോലി ഞാന്‍ നിര്‍വഹിക്കുന്നു. അതൊരു ശീലമായി. ഇന്ന് ലോകരുടെ ദൃഷ്ടിയില്‍ ഉയര്‍ന്ന നിലയിലാണെങ്കിലും എന്റെ സ്വന്തം ആവശ്യത്തിന് എനിക്ക് ഭക്ഷണാധികള്‍ തയ്യാറാക്കാന്‍ മടിയില്ല. വേണ്ടിവന്നാല്‍ വേലക്കാരന്റെ ജോലിയും ഞാന്‍ ചെയ്യും. അവനവന്റെ ആവശ്യങ്ങള്‍ അവനവന്‍ തന്നെ നിര്‍വഹിക്കുന്നതില്‍ അഭിമാനക്ഷയത്തിനെന്തിരിക്കുന്നു?”
















