കാഞ്ഞിരപ്പള്ളി: വിവിധ പഞ്ചായത്തുകളില്‍ ശുദ്ധജലം എത്തിക്കുന്നതിനായി വിഭാവനം ചെയ്ത കരിമ്പുകയം ജലവിതരണ പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം ആരംഭിച്ച ചെക്ക് ഡാമിന്റെ പണികള്‍ ഇഴയുന്നതായി ആക്ഷേപം.
ആറ് മാസം കൊണ്ട് ചെക്ക് ഡാം നിര്‍മ്മാണവും ഒരു വര്‍ഷത്തിനുള്ളില്‍ പാലം പണിയും പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച കരിമ്പുകയത്ത് ചെക്ക് ഡാം നിര്‍മ്മാണം വൈകുന്നു. കോടികള്‍ മുടക്കി പണി പൂര്‍ത്തീകരിച്ച കരിമ്പുകയം പദ്ധതിയില്‍ ജല ലഭ്യത ഉറപ്പുവരുത്തന്നതിനുള്ള ചെക്ക് ഡാം നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതാണ് വിമര്‍ശനമുയര്‍ത്തുന്നത്. പണികള്‍ വൈകിയതോടെ ഈ വേനലിലും കരിമ്പുകയം പദ്ധതി അനിശ്ചിതത്വത്തിലായി.
ചിറക്കടവ്, കാഞ്ഞിരപ്പള്ളി, എലിക്കുളം എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരമായ കരിമ്പുകയം ജലവിതരണ പദ്ധതി. ജില്ലയിലെ എറ്റവും വലിയ പദ്ധതികളിലൊന്നായ കരിമ്പുകയം ജലവിതരണ പദ്ധതിയില്‍ വേനല്‍കാലത്തും ജലലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം നദിക്ക് ഇരുവശത്തുമുള്ള പ്രദേശങ്ങളെ തമ്മില്‍ കൂട്ടിയിണക്കി പാലവും യാഥാര്‍ഥ്യമാക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്.
ഒന്നര മീറ്റര്‍ ഉയരത്തില്‍ 88 മീറ്റര്‍ നീളത്തിലാണ് ചെക്ക്ഡാം പണിയുന്നത്. ഇതിന് മുകളിലായി 9 പില്ലറുകളിലാണ് പാലത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നത്. മഴക്കാലത്ത് ചെക്ക്ഡാം നിറഞ്ഞു കവിഞ്ഞെത്തുന്ന വെള്ളം പാലത്തിനടിയിലൂടെ ഒഴുകുന്ന വിധത്തില്‍ പാലം നിര്‍മ്മാണം. വേനല്‍കാലത്തും പമ്പിങ്ങിന് ആവശ്യമായ ജലം കരിമ്പുകയത്ത് ഉറപ്പുവരുത്താനാകും. ചെക്ക് ഡാമിന്റെ പണി പൂര്‍ത്തിയാക്കുന്നതിനൊപ്പം പാലത്തിന്റെ പില്ലറുകള്‍ സ്ഥാപിക്കുവാനും അടുത്ത വര്‍ഷം പാലം പണി പൂര്‍ത്തീകരിക്കുവാനുമാണ് ലക്ഷ്യമിട്ടിരുന്നെതങ്കിലും പാലം പണികള്‍ വൈകിയതോടെ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ണമായും പാളി.
1980ല്‍ ആരംഭിച്ച കരിമ്പുകയം പദ്ധതിയില്‍ നിന്നും ലഭ്യമാകുന്ന ജലം ആവശ്യത്തിന് തികയാതെ വന്നതോടെ നാട്ടുകാരുടെ നിവേദനത്തെ തുടര്‍ന്ന് മുന്‍ എം.എല്‍.എ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കാലത്ത് നബാര്‍ഡിന്റെ സഹായത്തോടെ 25 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ കരിമ്പുകയത്ത് നടപ്പിലാക്കിയെങ്കിലും നദിയില്‍ ജലനിരപ്പ് ഉറപ്പാക്കേണ്ട ചെക്ക് ഡാം പദ്ധതിയില്‍ തട്ടി കോടികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നോക്കുകുത്തികളായിരുന്നു. തുടര്‍ന്ന് നിലവിലെ എംഎല്‍എ ഡോ. എന്‍. ജയരാജിന്റെ ശ്രമഫലമായി ചെക്ക് ഡാം പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കിയിരുന്നുവെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ പദ്ധതിയുടെ ഗതിവേഗം നഷ്ടപ്പെടുത്തി. ചെക്ക്ഡാം നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ മാത്രമെ കരിമ്പുകയം പദ്ധതി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിക്കുകയുള്ളു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: