മട്ടാഞ്ചേരി: ”സ്നേഹനിധിയായ നഷ്ടപ്പെട്ട വല്യച്ഛന് മുന്നിലെത്തുന്ന ആനന്ദനിമിഷതുല്യമാണത്” വിവരണാതീതമായ നിമിഷമായിരിക്കുമത്. സുരബാലയെന്ന തൂലികനാമത്തിലെ കവയിത്രി കീര്‍ത്തി ഭാനുപ്രകാശ് പറയുന്നു. ഗാനഗദ്ധര്‍വന്‍ പത്മശ്രീ ഡോ.കെ.ജെ. യേശുദാസിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഗാനാലാപനത്തിന്റെ അന്‍പതാം വാര്‍ഷിക ദിനത്തിലെഴുതിയ ‘സുരബാല’യുടെ കവിത സ്വീകരിക്കാന്‍ യേശുദാസ് 31 ന് കൊച്ചിയിലെത്തും. 46 വരികളുള്ള ഇതിനായി കവിതയുടെ അവസാനവട്ട മിനുക്കുപണിയിലാണ് കീര്‍ത്തി.
കൊച്ചിയുടെ ദേശദേവത പള്ളിയറക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പി.ആര്. ഭാനുപ്രകാശ് അയിഷ ദമ്പതിയുടെ മകളാണ് കീര്‍ത്തി. സെറിബ്രല്‍ പാള്‍സി രോഗത്താല്‍ തളര്‍ന്ന കാലുകളും ചലനശേഷിയുടെ പരിമിതികളും തിരിച്ചറിഞ്ഞ കീര്‍ത്തി എല്ലാവരുടേയും കൂട്ടുകാരിയാകുന്നത് കവിതാ രചനയിലൂടെയാണ്. ബന്ധുക്കളും പ്രകൃതിയും ആനയും അമ്മയും വിദ്യാലയവും ദേവതയുമെല്ലാം കവിതാരചനയുടെ വിഷയമാകാറുണ്ട്. ഇതില്‍ നിന്നുംവ്യത്യസ്തമായാണ് പ്രമുഖവ്യക്തി കവിതയ്ക്ക് വിഷയമായത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കീര്‍ത്തി ഈ കവിത എഴുതിയത്.
ഒരിക്കല്‍പ്പോലും കാണാത്ത ഗാനഗന്ധര്വന് താനെഴുതിയ കവിത സ്വീകരിക്കാനെത്തുമെന്നറിയിപ്പ് ലഭിച്ചപ്പോള്‍ ഉണ്ടായ ആനന്ദം ഏറെയാണ്. ദാസേട്ടന്റെ സാന്നിദ്ധ്യം നല്കുന്ന മനസ്സിന്റെ ആനന്ദനിമിഷത്തെ കാത്തിരിക്കുകയാണ് സുരബാല എന്ന കീര്‍ത്തി.
ആറാം വയസ്സില്‍ പഠിക്കുമ്പോള്‍ സൂര്യനെക്കുറിച്ച് എഴുതിയ കവിതയാണ് ആദ്യത്തേത്. പ്രൈമറി സ്കൂള്‍ പഠനകാലത്ത് പരസഹായത്തോടെ നടന്ന് സ്കൂളിലെത്തിയിരുന്ന കീര്‍ത്തിക്ക് കാലിന്റെ ശസ്ത്രക്രിയയോടെയാണ് കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടത്. പഠനം മുടക്കാതെ മൂന്ന് സ്കൂളുകളിലായി പ്ലസ്ടു വിദ്യാഭ്യാസംവരെ നേടുകയും ചെയ്തു.
കൂടാതെ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ പ്രവീണ്‍ പരീക്ഷയില്‍ ഒന്നാംക്ലാസോടെ വിജയിച്ചു. ഒന്നര പതിറ്റാണ്ടിനകം നൂറോളം കവിതകള്‍ എഴുതിയ കീര്‍ത്തി ആറ്റുകാല്‍ അമ്മയെ ഇതിവൃത്തമാക്കി കവിതാരചന നടത്തിയിട്ടുണ്ട്. വല്ല്യച്ഛന്റെ വേര്‍പാടിനെ ഇതിവൃത്തമാക്കി നവംബറിലെ നഷ്ടം എന്ന കവിതയും എഴുതിയിട്ടുണ്ട്. അമ്മയും അച്ഛനും സഹോദരന് കാര്‍ത്തിക് രാജും ചിറ്റയുമടങ്ങുന്നതാണ് കുടുംബം. കവിതാ സമാഹാരം പുസ്തക രൂപത്തിലാക്കണമെന്ന മോഹം സാക്ഷാത്കരിക്കുന്ന നിമിഷത്തെ കാത്തിരിക്കുന്ന കീര്‍ത്തി പരിമിതികള്‍ തിരിച്ചറിഞ്ഞ് പരാധീനതകളില്ലാതെ രചനയ്ക്കൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: