കൊച്ചി: കൊച്ചി നഗരത്തില്‍ ചിക്കന്‍ പോക്സും പനിയും പടര്‍ന്നുപിടിക്കുന്നു. പ്രതിദിനം പത്തിലേറെ പേരാണ് ചിക്കന്‍പോക്സ് ബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമെത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് വാക്സിനുകളും ലഭ്യമല്ല. ഇന്നലെ മാത്രം 10പേര് ചികിത്സതേടിയെത്തി. വേനല്‍ക്കാലം കടുത്തതോടെയാണ് രോഗം വ്യാപിക്കാന്‍ കാരണമായതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
ചിക്കന്പോക്സിനോടോപ്പം പനിയും വ്യാപകമായിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ 12,000 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാത്രം ഇത് 1,200 ഓളം വരും. ആലുവ, പറവൂര്‍, പെരുമ്പാവൂര്‍, കോതമംഗലം, പിറവം, പള്ളുരുത്തി എന്നിവിടങ്ങളില്‍ എല്ലാം സര്‍ക്കാര്‍ അശുപത്രികള്‍ പനിക്കാരെ കൊണ്ട് നിറഞ്ഞു.
ചിക്കന്‍ പോക്സ് അടക്കമുള്ള പകര്‍ച്ചവ്യാധികളും കൂടിയിട്ടുണ്ട്. 15പേരില്‍ ഡെങ്കിപ്പനിയും അഞ്ച് പേരില്‍ എച്ച്1 എന്‍1 ഉം സ്ഥിരീകരിച്ചിട്ടുണ്ട്. ചിക്കന്‍പോക്സ് രോഗബാധിതരായ കുട്ടികളുടെ മാതാപിതാക്കളാണ് പ്രധാനമായും ആശുപത്രിയില്‍ എത്തുന്നത്. 90 പേരാണ് ഈ മാസം ചിക്കന്‍പോക്സിനു ചികിത്സ തേടിയെത്തിയത്്. മൂന്നുമാസം കൊണ്ട് 270പേരും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി.
മിക്ക കുട്ടികള്‍ക്കും പരീക്ഷക്കാലമായതിനാല്‍ പ്രതിരോധ മരുന്ന് തേടിയാണ് ചില മാതാപിതാക്കള്‍ എത്തുന്നത്. രോഗം പിടിപെട്ടാല്‍ 10 ദിവസത്തോളം വിശ്രമം ആവശ്യമാണ്. അതുകൊണ്ടുതന്നെ പ്രതിരോധ മരുന്നിനു ഡിമാന്റ് വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറുമാസമായി ചിക്കന്‍പോക്സിനുള്ള വാക്സീന് വിദേശത്തു നിന്നാണ് എത്തിയിരുന്നത്.
എന്നാല്‍ അടുത്ത ദിവസങ്ങളില്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് ഡോ ജീസണ്‍ പി. ഉണ്ണി പറഞ്ഞു. എന്നാല്‍ രോഗത്തിനെതിരായ വാക്സീന് സാധാരണ ഡോക്ടര്‍മാര്‍ നല്‍കാറില്ലെന്ന് ഡിഎംഒ ഡോ.ഹസീന മുഹമ്മദ് പറഞ്ഞു. രോഗിയുടെ പ്രതിരോധ ശേഷിയെ ഇതു ബാധിക്കുമെന്ന കാരണത്താലാണ് ഇതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: