കൊല്ലം: പ്രസവിച്ച ശേഷം കുഞ്ഞിനെ കൊന്ന് മറവു ചെയ്ത മാതാവിന് ജീവപര്യന്തം തടവ്. നവജാത ശിശുവിനെ കൊന്ന കുറ്റത്തിന് ആനക്കോട്ടൂര്‍ മഞ്ജുസദനത്തില്‍ മഞ്ജുവിനാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ്(വക്കഫ്) എം. നന്ദകുമാര്‍, ജീവപര്യന്തം ശിക്ഷ വിധിച്ചത്. സംഭവം നടന്നത് 2012 ഡിസംബര്‍ 28നാണ്.
വിവാഹിതയും രണ്ടു പെണ്മക്കളുടെ മാതാവുമായ പ്രതി മഞ്ജു അഞ്ച് വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞു വരികെയാണ് സംഭവം. അവിഹിത ഗര്‍ഭം ധരിച്ച ഇവര്‍ രാത്രി 9.30ന് പ്രസവിക്കുകയും വിവരം മറച്ചു വയ്ക്കണം എന്നുളള ഉദ്ദേശത്തോടെ പെണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന് വീടിനു സമീപം ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കാറുളള ചാരം മൂടിയ കുഴിയില്‍ മറവു ചെയ്യുകയുമായിരുന്നു എന്നാണ് കൊട്ടാരക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
കശുവണ്ടിത്തൊഴിലാളിയായിരുന്ന മഞ്ജു പ്രസവിച്ച ദിവസം പകലും പ്രസവിച്ചതിനു പിറ്റേ ദിവസവും ജോലിയ്ക്കു പോയി. പ്രസവിച്ച ദിവസം പിറ്റേന്നു ജോലിയ്ക്കു പോയ മഞ്ജുവിന്റെ വയറിന്റെ വലിപ്പം കുറഞ്ഞിരിക്കുന്നതും ക്ഷീണിതയായിരിക്കുന്നതും കണ്ട മറ്റ് തൊഴിലാളികള്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രസവിച്ച കാര്യം പുറത്തായത്.
ഉടനടി കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ മഞ്ജുവിനെ പ്രവേശിപ്പിച്ചു. മഞ്ജുവിനെ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ കുണ്ടറ സ്വദേശിയ്ക്ക് രണ്ടു ലക്ഷം രൂപയ്ക്ക് വിറ്റു എന്ന് കളളം പറയുകയായിരുന്നു.തുടര്‍ന്ന് കൊട്ടാരക്കര പോലീസ് വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ മൃതശരീരം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പൂത്തൂര്‍ എസ്.ഐ വി. രാജുവും, കൊട്ടാരക്കര സിഐ ജി.ഡി. വിജയകുമാറുമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും ഗവണ്മെന്റ് പ്ലീഡറുമായ എം. റംലത്ത് ചിറയില്‍ കുന്നിക്കോട് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: