ചങ്ങനാശ്ശേരി: വാഴപ്പളളി കൃഷിഭവന് പരിധിയിലെ ഓടേറ്റി തെക്ക്, ഓടേറ്റി വടക്ക്, പായിപ്പാട് കൃഷിഭവന് പരിധിയിലെ പൂവം, നീലംപേരൂര്‍ കൃഷിഭവനുകീഴിലെ വാലടി, കിളിയന്‍കാവ് തെക്ക് എന്നീ പാടശേഖരങ്ങളില്‍ നെല്‍ച്ചെടികള്‍ അപ്രതീക്ഷിത വേനല്‍മഴയില്‍ വീണുനശിച്ചു. വാഴപ്പള്ളിയുടെ പരിധിയിലുള്ള വിവിധ പാടശേഖരങ്ങളില്‍ കൊയ്ത്ത് തുടങ്ങുന്നത് തിങ്കളാഴ്ച്ച മുതലാണ്. വെളിയനാട് കൃഷിഭവന് പരിധിയിലെ കുമരങ്കരി പറമ്പടി-പൊന്നാമ്പാക്ക, മുക്കോടി-ദേശത്തിനകം, തെപ്പറമ്പ് പാടശേഖരങ്ങളിലും നെല്‍ച്ചെടികള്‍ വീണ് നശിച്ചിട്ടുണ്ട്. വിവിധ പാടങ്ങളിലായി നാല്പത് ശതമാനത്തോളം നെല്‍കൃഷിക്ക് നാശമുണ്ട്.
നെല്ലു കൊയ്തെടുക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയെത്തിയ വേനല്‍ മഴയില്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകിടം മറിയുന്നു. അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളിലെ പലഭാഗങ്ങളിലും നെല്‍കൃഷി മഴയിലും കാറ്റിലും വീണ് നശിച്ചു.കതിരുവീണതും വിളഞ്ഞതുമായ നെല്ലാണ് വീണ് നശിച്ചത്.
പായിപ്പാട് പഞ്ചായത്തിലെയും നഗരസഭയിലെയും പാടശേഖരങ്ങളില്‍ കൊയ്ത്ത് 25 മുതലാണ് തുടങ്ങുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി വേനല്‍ മഴയുമെത്തിയത്. ചില പാടങ്ങളിലെ വിളഞ്ഞ് തുടങ്ങിയ നെല്ല് വെളളത്തില്‍ കിടന്ന് കിളിര്‍ത്ത് പോകും.നെല്ലു വിളഞ്ഞു കിട്ടിയാലും വീണ നെല്ല് കൊയ്തെടുക്കുന്നത് ബുദ്ധിമുട്ടാണ്. യന്ത്രം ഇറക്കി ഇത് കൊയ്യാനാവില്ല. കൊയ്താലും വില കിട്ടുകയുമില്ല. മഴനനഞ്ഞു കിടക്കുന്നതിനാല്‍ ഒരു മണിക്കൂര്‍ യന്ത്രമിറക്കേണ്ട പാടത്ത് മൂന്നുമണിക്കൂര്‍ വരെ യന്ത്രം ഓടിച്ചാലെ കൊയ്തെടുക്കാന്‍ സാധിക്കൂവെന്ന് കര്‍ഷകര്‍ പറയുന്നു. പ്രതീക്ഷിച്ച വിളവും കിട്ടുകയില്ല. പാടത്ത് നിന്ന് യഥാസമയം നെല്ല് കയറിപോയില്ലെങ്കില്‍ നഷ്ടം ഇരട്ടിയാകുമെന്നുമാണ് കര്‍ഷകരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: