അമ്പലപ്പുഴ: അമ്പലപ്പുഴയിലെ ഇലക്ട്രിസിറ്റി ഓഫീസ് അഴിമതിയുടെ കേന്ദ്രം. വിജിലന്‍സിന് നല്കുന്ന പരാതികള്‍ ചവറ്റുകുട്ടയില്‍. അഴിമതികള്‍ തടയാന്‍ സഹായിക്കാമെന്ന് പ്രചരിപ്പിച്ച് വിജിലന്‍സ് വിഭാഗം സ്വീകരിക്കുന്ന പരാതികളാണ് അന്വേഷണം നടത്താതെ ചവറ്റുകുട്ടയില്‍ തള്ളുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി പരാതികളാണ് അമ്പലപ്പുഴ ഇലക്ട്രിസിറ്റി ഓഫീസിനെതിരെയുള്ളത്. പുതിയ വൈദ്യുതി കണക്ഷന് ലഭിക്കണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് പടി നല്‍കണം. വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ ത്രീ ഫേസ് ലൈന്‍ വേണമെങ്കില്‍ ഉന്നതോദ്യോഗസ്ഥരെ മുതല്‍ മസ്ദൂര്‍ വിഭാഗം ജീവനക്കാരെ വരെ സന്തോഷിപ്പിക്കണമെന്നാണ് ഇവിടുത്തെ നിയമം. എതാനും മാസം മുമ്പ് നാട്ടുകാര്‍ ഇവിടുത്തെ ഓഫീസില്‍ കയറി ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ഫര്‍ണീച്ചര്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ നാട്ടുകാര്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നവംബര്‍ ഒമ്പതിന് പരാതി സ്വീകരിച്ച വിജിലന്‍സ് വിഭാഗം 2826 എന്ന പരാതി നമ്പറും നല്‍കിയിരുന്നു. പരാതിക്ക് കാരണം ഇങ്ങനെ: പുറക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ രണ്ടുദിവസമായി വൈദ്യുതിയില്ലാത്തതിനാല്‍ ഇവിടുത്തെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ ജീവനക്കാര്‍ വൈദ്യുതി വേണമെങ്കില്‍ സ്വന്തമായി പണം മുടക്കി മരച്ചില്ലകള്‍ മുറിച്ചുമാറ്റുവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ പണം പിരിച്ച് പുറത്തുനിന്നും ആളെ വരുത്തി മരച്ചില്ലകള്‍ മുറിച്ചു മാറ്റിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
നിലവില്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി വൈദ്യുതി ബോര്‍ഡ് ഫണ്ട് വിനിയോഗിക്കുമ്പോഴാണ് മസ്ദൂര്‍ വിഭാഗം ജീവനക്കാര്‍ നില്‍ക്കെ പുറത്തുനിന്നും ആളെ വരുത്തി നാട്ടുകാരുടെ ചെലവില്‍ വൈദ്യുതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് പ്രദേശവാസി വിജിലന്‍സിന്റെ 8592900900 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച വിജിലന്‍സ് വിഭാഗം ഒരിക്കല്‍ പോലും ഇതേക്കുറിച്ച് അന്വേഷിക്കുവാന്‍ തയാറായിട്ടില്ല. അന്വേഷണം എവിടെ വരെയായെന്ന് പരാതിക്കാരന് അന്വേഷിക്കുമ്പോള്‍ അന്വേഷണം നടക്കുന്നുവെന്നാണ് മറുപടി ലഭിക്കുക. എന്നാല്‍ ഇങ്ങനെയൊരു അന്വേഷണം ഇവിടെ ഒരിക്കല്‍ പോലും നടന്നിട്ടില്ലെന്ന് അമ്പലപ്പുഴ ഓഫീസിലെ എഇ, എഎക്സ്ഇ എന്നിവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: