കൊടകര: പരമ്പരാഗതമായി സി.പി.ഐ.എമ്മിന്റെ സ്വാധീന മേഖലയായിരുന്ന
മറ്റത്തൂര്‍ പഞ്ചായത്തിലെ നാഡിപ്പാറ പട്ടികജാതി കോളനിയിലെ പുതുതലമുറ പാര്‍ട്ടിയെ കൈവിടുന്നു. അന്‍പതിലധികം പട്ടികജാതി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ കോളനിയിലെ ഒട്ടെല്ലാ കുടുംബങ്ങളും അരിവാളിന്റെ ആരാധകരായിരുന്നു.
നക്കാപിച്ച സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എറിഞ്ഞു കൊടുത്ത് ഇവരെ കൂടെ നിര്‍ത്തിയ നേതാക്കള്‍ സമരങ്ങള്‍ക്ക് കൊടി പിടിക്കാനും,ജാഥക്ക് നീളം കൂട്ടാനും,രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്ക് ഗുണ്ടകളായി ഉപയോഗിക്കാനുമാണ് നാളിതു വരെ ഇവരെ ഉപയോഗിച്ചത്.കോളനിയിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടിക്കൊടുക്കാനോ സാംസ്കാരികമായി ഉയര്‍ത്തിയെടുക്കാനോ പറയത്തക്ക പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല.
എന്നാല്‍ ഇവര്‍ക്കിടയില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തിലെത്തിയ വിരലിലെണ്ണാവുന്ന ചിലര്‍ കാലാകാലങ്ങളില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകളിലെ സ്വാധീനം ഉപയോഗിച്ച് തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജോലി തരപ്പെടുത്തി സ്വയം രക്ഷപ്പെട്ടതൊഴിച്ചാല്‍ തൊണ്ണൂറു ശതമാനം കോളനി വാസികളും ഇന്നും പട്ടിണിയും പരിവട്ടവുമായാണ് കഴിയുന്നത്. കോളനി വികസനത്തിനെന്ന പേരില്‍ പല പദ്ധതികളില്‍ ഉള്‍പ്പെടുത്തി കോടിക്കണക്കിന് രൂപയുടെ ഫണ്ട് അനുവദിച്ചുവെങ്കിലും ശരിയായ അസൂത്രണമില്ലാത്തതിനാല് ഇവയെല്ലാം പുല്ലില്‍ ചിന്തിയ തവിട് പോലെ നിഷ് പ്രയോജനമായിത്തീര്‍ന്നു.
കോണ്ട്രാക്ടര്മാരും ചില നേതാക്കളും തടിച്ചു കൊഴുത്തതൊഴിച്ച് കോളനിക്കാരുടെ ജീവിത നിലവാരത്തിനു മാറ്റമൊന്നുമുണ്ടായില്ല. നാളിതു വരെ പാര്‍ട്ടി തങ്ങളെ കൂടെ നിര്‍ത്തി വഞ്ചിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ കോളനിയിലെ പുതു തലമുറ പാര്‍ട്ടിയോടുള്ള വിധേയത്വവും അടിമത്വവും വലിച്ചെറിഞ്ഞ് പുറത്തു വന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. അവര്‍ കെ.പി.എം.എസ്സിന്റെ പേരില്‍ സംഘടിച്ച് യൂണിറ്റ് രൂപീകരിക്കുകയും മറ്റ് സഹോദര ഹിന്ദുത്വ പ്രസ്ഥാനങ്ങളുമായി തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായിരിക്കുകയുമാണ്.
പുറത്തു പോയവര്‍ക്ക് നേരെ പാര്‍ട്ടി സംവിധാനമുപയോഗിച്ച് ആക്രമണവും ഭീഷണിയുമൊക്കെ പ്രയോഗിച്ചിട്ടും അത് പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്ന് നേതൃത്വത്തിന് മനസ്സിലായിട്ടുണ്ട്.
എന്റെ യുവത്വം എന്റെ നാടിനും സമുദായത്തിനും. കൊടിപിടിക്കാനും,ജാഥക്ക് നീളം കൂട്ടാനും,രക്തസാക്ഷികളാകാനും ഇനി തങ്ങളെ കിട്ടില്ലെന്ന് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് പരസ്യമായി രംഗത്ത് വന്നിരിക്കുകയാണിവര്‍.
ഈ മുന്നറിയിപ്പ് തങ്ങളെ ഉദ്ദേശിച്ചാണെന്ന് സി.പി.എം.നേതൃത്വത്തിന് നന്നായറിയാം,കാരണം ഈ പാവങ്ങള്‍ നാളിതു വരെ കൊടി പിടിച്ചതും അടി കൊണ്ടതും ഈയൊരു പാര്‍ട്ടിക്ക് വേണ്ടി മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: